ന്യൂഡല്‍ഹി : ഫൈസർ കമ്പനി വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ വിതരണം ചെയ്യുന്നതില്‍ പരിമിതിയുണ്ടെന്ന് എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ. -70 ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുള്ളതിനാലാണ് ഇന്ത്യയില്‍ ഇതിന്റെ വിതരണം പ്രായോഗികമാവില്ലെന്ന് പറയാന്‍ കാരണം.

"ഫൈസര്‍ വാക്‌സിന്‍ -70% ഡിഗ്രി സെല്‍ഷ്യസ് താപനിലയില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങള്‍ക്ക് ഇതൊരു വെല്ലുവിളിയാണ്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍ ഈ താപനിലയില്‍ വാക്‌സിന്‍ സൂക്ഷക്കുക എന്നത് വലിയ വെല്ലുവിളിയാണ്", രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

ഫൈസര്‍ വാക്സിൻ കോവിഡിനെതിരേ 90% ഫലപ്രദമാണെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞതായുള്ള വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.

ആദ്യഘട്ട വാക്‌സിനേഷന്‍ നല്‍കുന്നവര്‍ക്കായി നിശ്ചിത ഡോസ് വാകസിന്‍ വിപണിയിലിറക്കേണ്ടതുണ്ട്.  എന്നാല്‍ അതിന് ആവശ്യമായ കോള്‍ഡ് സ്‌റ്റോറേജുകളുടെ അപര്യാപ്തതയുണ്ട്. ജര്‍മ്മനിയുടെ ബയോൺ ടെക്കുമായി ചേര്‍ന്ന് യു.എസ് ഫാര്‍മാ കമ്പനിയായ ഫൈസര്‍ ആണ് കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചത്. സാധാരണ ശീതികരണ സംവിധാനമുപയോഗിച്ച് അഞ്ച് ദിവസത്തേക്ക് മാത്രമേ ഫൈസർ വികസിപ്പിച്ച വാക്‌സിന്‍ സൂക്ഷിക്കാനാകൂ എന്ന് ഫൈസര്‍ കമ്പനി തന്നെ അറിയിച്ചിട്ടുണ്ട്. അതിനാലാണ് അതിശൈത്യ ശീതികരണ സംവിധാനം ആവശ്യമായിരിക്കുന്നത്. ഈ വാക്‌സിന്‍ സൂക്ഷിക്കാനായി അമേരിക്കയിലെ ചില ആശുപത്രികള്‍ പ്രത്യേക ശീതീകരണ സംവിധാനം ഇതിനോടകം വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.

content highlights: Pfizer vaccine storage at -70 degrees is a challenge, Delhi AIIMS Director