ന്യൂഡൽഹി: ഇന്ത്യയിൽ കൂടുതലായി കണ്ടുവരുന്ന ബി.1.617 വൈറസ് വകഭേദത്തിനെതിരേ ഫൈസർ വാക്സിൻ വളരെയധികം ഫലപ്രദമാണെന്ന് വാക്സിൻ നിർമാതാക്കൾ. രാജ്യത്ത് തങ്ങളുടെ വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകണമെന്നും യുഎസ് ഫാർമാഭീമന്മാരായ ഫൈസർ ആവശ്യപ്പെട്ടു.

തങ്ങളുടെ അവകാശവാദത്തെ സാധൂകരിക്കുന്നതിനുളള ഡേറ്റകളും കേന്ദ്രസർക്കാരിന് മുന്നിൽ ഫൈസർ സമർപ്പിച്ചിട്ടുണ്ട്. ബി.1.617 വൈറസ് വകഭേദത്തിനെതിരേ 87.9ശതമാനം ഫലപ്രദമാണ് ഫൈസർ വാക്സിനെന്നാണ് ഡേറ്റകൾ സൂചിപ്പിക്കുന്നത്.

വാക്സിൻ പന്ത്രണ്ടും അതിന് മുകളിൽ പ്രായമുളള കുട്ടികൾക്കും ഫലപ്രദമാണെന്നും കമ്പനി പറഞ്ഞു. ജൂലായ്- ഒക്ടോബർ മാസത്തിനിടയിൽ ഇന്ത്യക്ക് അഞ്ചുകോടി ഡോസ് ഫൈസർ വാക്സിൻ നൽകാമെന്ന് കമ്പനി ഈ ആഴ്ച ആദ്യം അറിയിച്ചിരുന്നു. 2-8 ഡിഗ്രി സെൽഷ്യസിൽ ഒരുമാസം വരെ വാക്സിൻ സൂക്ഷിക്കാനാകും.

കേന്ദ്രത്തോട് ഇളവുകളും കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയിൽ സാധാരണഗതിയിൽ ബിസിനസ് നടത്താനുളള ഒരു സാഹചര്യമല്ല ഇന്ത്യയിലും ലോകമെങ്ങും. അതിനാൽ നഷ്ടപരിഹാരമുൾപ്പടെയുളള ഇളവുകൾ നൽകണമെന്നാണ് കമ്പനിയുടെ ആവശ്യം.

കേന്ദ്രവും ഫൈസറിന്റെ ചെയർമാനും സിഇഒയുമായ ആൽബെർട്ട് ബോർളയും തമ്മിൽ അടുത്തിടെ ചർച്ചകൾ നടന്നിരുന്നു. കേന്ദ്രസർക്കാർ വഴിയായിരിക്കും രാജ്യത്ത് സംഭരണം നടക്കുക.

കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകളാണ് ഇന്ത്യയിൽ നല്‍കി വരുന്നത്‌. റഷ്യൻ വാക്സിനായ സ്പുട്നിക് v ന്റെ ഉപയോഗത്തിനും അനുമതി നൽകിയിട്ടുണ്ട്.

Pfizer vaccine is highly effective against the B.1.617 variant that is prevalent in India says pfizer