ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് സഹായഹസ്തവുമായി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍. കോവിഡിനെ നേരിടാന്‍ 510 കോടി രൂപയുടെ (70 മില്യണ്‍ ഡോളര്‍) മരുന്നുകള്‍ ഫൈസര്‍ നല്‍കും. യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളില്‍ മരുന്നുകള്‍ ഇന്ത്യയിലെ കോവിഡ് ചികിത്സയ്ക്കായി  എത്തിക്കുമെന്ന് കമ്പനി ചെയര്‍മാനും സി.ഇ.ഒയുമായ ആല്‍ബര്‍ട്ട് ബുര്‍ല അറിയിച്ചു.

ഇന്ത്യയിലെ ഗുരുതരമായ കോവിഡ് രോഗവ്യാപനത്തില്‍ ആശങ്കാകുലരാണെന്ന് ഫൈസര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. ഈ മഹാവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ പങ്കാളിയാകാന്‍ പ്രതിജ്ഞാബദ്ധരാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുയാണെന്നും ബുര്‍ല പറഞ്ഞു.

യു.എസ്., യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ വിതരണ കേന്ദ്രങ്ങളിലെ ഫൈസര്‍ ജീവനക്കാര്‍ കോവിഡ് ചികിത്സാക്കായി ഇന്ത്യ ഉപയോഗിക്കുന്ന മരുന്നുകള്‍ കയറ്റി അയക്കാനായി പരിശ്രമിക്കുകയാണെന്ന് ബുര്‍ല പറഞ്ഞു.രാജ്യത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളിലെ ഓരോ കോവിഡ് രോഗിക്കും ആവശ്യമായ മരുന്നുകള്‍ സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഇവ സംഭാവന ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

510 കോടി രൂപയില്‍ അധികം വിലമതിക്കുന്ന ഈ മരുന്നുകള്‍ ഉടന്‍ ലഭ്യമാകും. മരുന്നുകള്‍ ആവശ്യമുള്ള സ്ഥലത്ത് എത്തിക്കുന്നതിനായി സര്‍ക്കാരുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ആല്‍ബര്‍ട്ട് ബുര്‍ല കൂട്ടിച്ചേര്‍ത്തു.

Content Highlights: Pfizer Donates 510 crore Worth COVID-19 Treatment Drugs To India