വാഷിങ്ടണ്‍: കോവിഡ് 19 വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കുന്നതിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും. കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയില്‍ മൂന്നാം ഡോസിന് അനുമതി തേടിയിരിക്കുന്നത്.

മൂന്നാം ഡോസ് വാക്‌സിന്‍ എടുക്കുന്നത് പുതിയ വകഭേദത്തിനെതിരേ ഫലപ്രദമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഫൈസറും ബയോണ്‍ടെക്കും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മൂന്നാം ഡോസിനുള്ള അനുമതിക്കായി ആവശ്യപ്പെടുമെന്നും കമ്പനികള്‍ വ്യക്തമാക്കി.

ആദ്യത്തെ രണ്ടു ഡോസുകളെ അപേക്ഷിച്ച് മൂന്നാം ഡോസ് എടുക്കുന്നവരില്‍ ആന്റിബോഡിയുടെ അളവ് 5-10 ഇരട്ടി വര്‍ധിക്കുന്നതായി നടന്നുകൊണ്ടിരിക്കുന്ന ചില പഠനങ്ങള്‍ സൂചന നല്‍കുന്നു. ബീറ്റാ വകഭേദത്തെ മുന്‍നിര്‍ത്തിയുള്ള ഈ പഠനഫലം ഡെല്‍റ്റ വകഭേദത്തിനും ബാധമാണെന്നാണ് കരുതുന്നതെന്ന് കമ്പനികള്‍ പറയുന്നു. ഡെല്‍റ്റ വകഭേദത്തിനെതിരേ പ്രത്യേക വാക്‌സിന്‍ വികസിപ്പിക്കാനുള്ള ശ്രമവും നടത്തുന്നുണ്ടെന്നും കമ്പനികള്‍ വ്യക്തമാക്കി.

രോഗവ്യാപന ശേഷി കൂടിയ കൊറോണ വൈറസ് വകഭേദമായ ഡെല്‍റ്റ ഇന്ത്യയില്‍ തിരിച്ചറിഞ്ഞതിനു പിന്നാലെയാണ് ലോക രാജ്യങ്ങള്‍ വീണ്ടും മുന്‍കരുതല്‍ നടപടികളിലേക്ക് കടന്നത്. പുതിയ വകഭേദം സൃഷ്ടിക്കുന്ന രോഗവ്യാപനം തടയുന്നതിന് വാക്‌സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാനും പല രാജ്യങ്ങളും ശ്രമിക്കുന്നുണ്ട്. ഇതിനിടയിലാണ് പ്രതിരോധ ശേഷി നിലനിര്‍ത്തുന്നതിന് മൂന്നാം ഡോസ് നല്‍കുന്നതിനേക്കുറിച്ച് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ ആലോചിക്കുന്നത്.

Content Highlights: Pfizer- BioNTech Pushes For Third Shot As Delta Drives Global Outbreaks