ലണ്ടന്‍: ഫൈസര്‍, ആസ്ട്രസെനെക്ക കോവിഡ് വാക്‌സിനുകളുടെ രണ്ട് ഡോസും സ്വീകരിച്ചവരില്‍ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുശേഷം രോഗപ്രതിരോധശേഷി കുറയുമെന്ന് ഗവേഷകര്‍. വാക്‌സിനുകള്‍ ശരീരത്തിലുണ്ടാക്കുന്ന ആന്റിബോഡികളുടെ അളവില്‍ കുറവു വരുന്നതാണ് രോഗപ്രതിരോധശേഷി കുറയാന്‍ കാരണമാവുന്നത്.  
   
വാക്സിൻ സ്വീകരിച്ച് പത്താഴ്ചയ്ക്കു ശേഷം ആന്റിബോഡിയുടെ അളവിൽ 50 ശതമാനത്തോളം കുറവുണ്ടാവുമെന്ന് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളേജിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്രതിരോധശേഷി കുറയുന്ന അവസ്ഥയാണെങ്കില്‍ കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ ഈ വാക്‌സിനുകള്‍ക്ക് പ്രതിരോധം തീര്‍ക്കാനാകുമോ എന്ന ആശങ്ക ഗവേഷകര്‍ പങ്കുവെച്ചു. ആസ്ട്രസെനെക്ക വാക്സിനെ അപേക്ഷിച്ച് ഫൈസര്‍ വാക്‌സിനാണ് കൂടുതല്‍ പ്രതിരോധശേഷിയുള്ളതെന്നും പഠനം പറയുന്നു.

18 വയസിന് മുകളിലുള്ള 600 ആളുകളിലാണ് പഠനം നടത്തിയത്. പക്ഷേ ആന്റിബോഡിയിൽ കുറവുണ്ടായാലും തീവ്ര കോവിഡിനെ ചെറുത്തു നില്‍ക്കാന്‍ ഈ വാക്‌സിനുകള്‍ക്ക് ശേഷിയുണ്ടന്ന് തന്നെയാണ് വിലയിരുത്തല്‍.

ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരേയും 70 വയസിന് മുകളില്‍ പ്രായമുള്ളവരേയും ബൂസ്റ്റര്‍ ഡോസുകള്‍ക്കായുള്ള മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തെ പഠനം പിന്‍താങ്ങി. 

ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുമ്പോള്‍ ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചവരില്‍ മറ്റു വാക്‌സിന്‍ സ്വീകരിച്ചവരേക്കാള്‍ പ്രതിരോധ ശേഷി കൂടുതലുള്ളതും കണക്കിലെടുക്കണമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

ഓരോരുത്തരില്‍ നിന്ന് ഒരു സാംപിള്‍ വീതമാണ് ഇതുവരെ ശേഖരിച്ചിട്ടുള്ളത്. അതിനാല്‍ എത്രത്തോളം ആന്റിബോഡിയുടെ അളവു താഴുമെന്നും എത്ര കാലത്തേക്ക് ഈ കുറവുണ്ടാകുമെന്നും നിലവില്‍ പറയാന്‍ കഴിയില്ല.  ആന്റിബോഡിയുടെ അളവ് താഴ്ന്നു നില്‍ക്കുകയാണെങ്കില്‍ക്കൂടി വാക്‌സിനുകള്‍ക്ക് ദീര്‍ഘകാല സംരക്ഷണം നല്‍കാനാവുമെന്നും പഠനത്തില്‍ പറയുന്നുണ്ട്. 

Content Highlights: Pfizer, Astrazeneca vaccine antibody levels may decline: Lancet study