Photo: REUTERS
ന്യൂഡൽഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിച്ച സാഹചര്യത്തിലാണ് ആശ്വാസ നടപടികൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര എക്സൈസ് നികുതി പെട്രോള്‍ ലിറ്ററിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറയ്ക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
ഇതോടെ പെട്രോൾ വില ലിറ്ററിന് 9.5 രൂപയും ഡീസലിന് 7 രൂപയും കുറയുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അറിയിച്ചു. ഒരു വർഷത്തിൽ 12 ഗ്യാസ് സിലിണ്ടറുകൾക്ക് 200 രൂപ സബ്സിഡി നൽകും എന്നും ധനമന്ത്രി വ്യക്തമാക്കി. നേരത്തെ പല ഘട്ടങ്ങളിലായി നിർത്തലാക്കിയ സബ്സിഡിയാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്ര നികുതി കുറയ്ക്കുന്നതോടെ ഒരു ലക്ഷം കോടിരൂപയുടെ നികുതി വരുമാന നഷ്ടമുണ്ടാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കേന്ദ്ര നീക്കത്തിന്റെ ചുവടുപിടിച്ച് സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്നും സാധാരണ ജനങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.
എല്ലാ സംസ്ഥാനങ്ങളും, പ്രത്യേകിച്ച് 2021 ഡിസംബറില്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകാത്ത സംസ്ഥാനങ്ങള്‍ ഇപ്പോള്‍ നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി അഭ്യര്‍ഥിച്ചു. പാചകവാതക വില കുറയുന്നത് അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശ്വാസമാകും. പാചകവാതക വില റെക്കോര്‍ഡ് ഉയരത്തിലെത്തിയ സാഹചര്യത്തില്‍ ദുരിതം ലഘൂകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കാവും. പാചകവാതക സബ്സിഡി 6100 കോടിയുടെ വരുമാന നഷ്ടമാണ് കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കുന്നതെന്നും ധനമന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..