ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പടെയുള്ള ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം. സുപ്രീം കോടതി നിയമിച്ച സാങ്കേതിക സമിതിയാണ് നിര്‍ദേശം നല്‍കിയത്. ചോര്‍ത്തപ്പെട്ട മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ അതും സാങ്കേതിക പരിശോധനയ്ക്ക് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് രവീന്ദ്രന്‍ സമിതിക്ക് മുമ്പാകെ മൊഴി നല്‍കാന്‍ താത്പര്യം ഉണ്ടോ എന്ന കാര്യവും അറിയിക്കാന്‍ ഹര്‍ജിക്കാരോട് സാങ്കേതിക സമിതി നിര്‍ദേശിച്ചിട്ടുണ്ട്. ചോര്‍ത്തപ്പെട്ട ഫോണ്‍ കൈമാറിയാല്‍ അത് പരിശോധനയ്ക്കായി അയക്കും. ഡല്‍ഹിയില്‍ വച്ചാണ് ഫോണ്‍ കൈമാറേണ്ടത്. കൈമാറിയ ഫോണ്‍ പരിശോധനയ്ക്ക് ശേഷം തിരികെ നല്‍കുമെന്നും സാങ്കേതിക സമിതി ഹര്‍ജിക്കാര്‍ക്ക് അയച്ച ഇ മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ അഞ്ചിന് മുമ്പ് ഫോണ്‍ കൈമാറണമെന്നാണ് നിര്‍ദേശം.

ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഉള്ള സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, കമ്പ്യൂട്ടര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. സന്ദീപ് ഒബ് റോയി എന്നിവര്‍ അംഗങ്ങളാണ്. വിദഗ്ധ സമിതിയെ സഹായിക്കാന്‍ ഡോ. നവീന്‍ കുമാര്‍ ചൗധരി (ഡീന്‍, നാഷണല്‍ ഫോറന്‍സിക് സയന്‍സസ് യൂണിവേഴ്‌സിറ്റി, ഗാന്ധിനഗര്‍, ഗുജറാത്ത്), ഡോ. പി. പ്രഭാകരന്‍ (അമൃത വിശ്വ വിദ്യാപീഠം, കൊല്ലം), ഡോ. അശ്വനി അനില്‍ ഗുമസ്ത (ഐ.ഐ.ടി മുംബൈ) എന്നിവരടങ്ങിയ മൂന്നംഗ സാങ്കേതിക സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിട്ടുണ്ട്.

Content Highlights : Petitioners instructed to hand over information and documents related to the Pegasus phone leak