സുപ്രീം കോടതി : ഫോട്ടോ : പി.ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി
ന്യൂഡല്‍ഹി: വിമാനയാത്രക്കിടെ അച്ചടക്കമോ മര്യാദയോ പാലിക്കാത്ത യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും വ്യോമഗതാഗതമന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യവെ മദ്യലഹരിയില്‍ സഹയാത്രികന്‍ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിലെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ഓഫ് പ്രൊസീജിയര്‍, സീറോ ടോളറന്‍സ് റൂള്‍സ് എന്നിവ തയ്യാറാക്കാന്‍ ഡിജിസിഎയ്ക്കും വിമാനക്കമ്പനികള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരി ആവശ്യപ്പെട്ടിരിക്കുന്നത്. അച്ചടക്കരഹിതമായ പെരുമാറ്റം യാത്രികരിൽനിന്ന് ഉണ്ടാകുന്ന പക്ഷം ഉടന്‍തന്നെ വിഷയം റിപ്പോര്‍ട്ട് ചെയ്യാനുള്ള നടപടി വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാനും മാര്‍ഗനിര്‍ദേശങ്ങളില്‍ വീഴ്ച വരുത്തുന്ന വിമാനക്കമ്പനിക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനുമുള്ള ചട്ടങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണമെന്ന് ഹര്‍ജിയില്‍ പറയുന്നു.
2022 നവംബര്‍ 26-നാണ് വിമാനയാത്രക്കിടെ തികച്ചും അപമാനകരമായ അനുഭവം ഹര്‍ജിക്കാരിക്ക് നേരിടേണ്ടിവന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍, ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ക്ക് ഇമെയില്‍ സന്ദേശം അയച്ചിരുന്നെന്നും എന്നാല്‍ യാതൊരുവിധ പ്രതികരണവും ലഭിച്ചില്ലെന്നും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
യുഎസ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടക്കവും മര്യാദയും പാലിക്കാത്ത യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവിലുണ്ടെന്നും വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് നേരിടേണ്ടിവരുന്ന ന്യായരഹിതവും നിയമവിരുദ്ധവുമായ പ്രവൃത്തികള്‍ക്കെതിരെ നടപടി തേടാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ടെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു. ഉപദ്രവകരമായി പ്രവര്‍ത്തിക്കുന്ന യാതക്കാരനെ താത്ക്കാലികമായി ബന്ധിക്കാന്‍ മിക്ക വിമാനങ്ങളിലും പ്ലാസ്റ്റിക് കൈവിലങ്ങുകളോ ഡക്ട് ടേപ്പുകളോ സൂക്ഷിക്കാറുണ്ടെന്നും ഇത്തരം സംഗതികള്‍ ഇന്ത്യയില്‍ നിലവിലില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. 2017 മേയില്‍ ഡിജിസിഎ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അവ്യക്തതയുണ്ടെന്നും ഹര്‍ജിയിലുണ്ട്.
വിമാനയാത്രകളില്‍ നേരിടേണ്ടിവരുന്ന ഉപദ്രവമോ അപമാനമോ സംബന്ധിച്ചുള്ള പരാതികള്‍ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമസ്ഥാപനങ്ങളെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയില്‍ കൂടുതല്‍ അപമാനം നേരിടാതിരിക്കാൻ ഇരകള്‍ക്ക് ഇത് സഹായകമാകുമെന്നും കേസില്‍ സാക്ഷികളാകാന്‍ വ്യക്തികൾക്ക് ഇത് കൂടുതല്‍ പ്രോത്സാഹനം നല്‍കുമെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാണിക്കുന്നു.
ന്യൂയോര്‍ക്കില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനയാത്രക്കിടെയാണ് ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ ഹര്‍ജിക്കാരിയുടെ ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്തത്. സംഭവം പോലീസിലറിയിക്കരുതെന്ന് മിശ്ര സഹയാത്രികയോട് കരഞ്ഞപേക്ഷിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് മിശ്രയെ ജോലി ചെയ്തിരുന്ന കമ്പനി പുറത്താക്കിയിരുന്നു.
Content Highlights: Petition in Supreme Court Seeks Guidelines to Handle Passenger Misconduct on Flights, Air India
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..