.
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്ക്കാരിന്റെ പൊളിക്കല്‍ നടപടിക്കെതിരായ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. പൊളിക്കല്‍ നടപടികളില്‍ നിയമം പാലിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും നിയമലംഘനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലീം സംഘടനയായ ജാമിയത്ത് ഉലമ ഹിന്ദ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
നിയമവിരുദ്ധമെന്ന് കരുതുന്ന കെട്ടിടങ്ങള്‍ അടുത്തിടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പൊളിച്ചുനീക്കിയിരുന്നു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാവായ ജാവേദ് മുഹമ്മദിന്റെ വീടും പൊളിച്ച കെട്ടിടങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്.
പ്രയാഗ് രാജ് ജില്ല വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ചയാണ് ജാവേദ് മുഹമ്മദിന്റെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുപൊളിച്ചത്. അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചത് എന്നായിരുന്നു അധികൃതരുടെ വിശദീകരണം. ഇത് സംബന്ധിച്ച് നേരത്തെ ജാവേദിന്റെ കുടുംബത്തിന് നോട്ടീസ് നല്‍കിയിരുന്നു, എന്നാല്‍ ജാവേദിന്ഡറെ കുടുംബത്തില്‍ നിന്നാരും കോടതിയില്‍ കേസിന് ഹാജരായില്ലെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ബുള്‍ഡോസര്‍ നടപടിക്ക് തലേദിവസം മാത്രമാണ് തങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചതെന്നാണ് ജാവേദിന്റെ കുടുംബം പറയുന്നത്.
കേസ് കോടതിയുടെ പരിഗണനയിലിരിക്കെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
യുപിയിലെ ബുള്‍ഡോസര്‍ സുപ്രീം കോടതി ഇടപെടേണ്ട സമയം അതിക്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ജഡ്ജിമാര്‍ കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്തയച്ചിരുന്നു. മുസ്ലീം പൗരന്‍മാര്‍ക്ക് നേരെയുള്ള അതിക്രമമെന്നാണ് സംഭവത്തെ അവര്‍ വിശേഷിപ്പിച്ചത്.
സുപ്രീം കോടതി മുന്‍ ജഡ്ജിമാരായ സുദര്‍ശന്‍ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ. ഗാംഗുലി എന്നിവര്‍ക്ക് പുറമേ മൂന്ന് ഹൈക്കോടതി ജഡ്ജിമാരും ആറ് അഭിഭാഷകരും ചേര്‍ന്നാണ് കത്തയച്ചത്. പ്രവാചകനെതിരായ പരാമര്‍ശത്തില്‍ മുന്‍ ബിജെപി വക്താവ് നൂപുര്‍ ശര്‍മ, നവീന്‍ ജിണ്ടാല്‍ എന്നിവര്‍ക്കെതിരെ പ്രക്ഷോഭം നടന്നിരുന്നു. ഈ സംഭവത്തില്‍ പ്രതി ചേര്‍ത്ത ശേഷം ജാവേദ് അഹമ്മദ് എന്നയാളുടെ വീടാണ് പ്രയാഗ് രാജില്‍ ജില്ലാവികസന അതോറിറ്റിയും പോലീസും ചേര്‍ന്ന് അനധികൃത നിര്‍മാണം ആരോപിച്ച് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തതെന്നാണ് പറയുന്നത്.
Content Highlights: Petition Against UP Demolitions In Supreme Court Tomorrow
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..