ന്യൂഡല്‍ഹി: മുസിരിസ് ഗവേഷണ പദ്ധതിയുടെ ഭാഗമായി പട്ടണം, മതിലകം എന്നീ പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തുന്നതിന് നല്‍കിയ അനുമതി പിന്‍വലിച്ചതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ തീരുമാനം അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ഡയറക്ടര്‍ പിജെ ചെറിയാനാണ് ഹര്‍ജി നല്‍കിയത്.

മുസിരിസ് പൈതൃക പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള എറണാകുളം ജില്ലയിലെ നോര്‍ത്ത് പറവൂരിന് സമീപത്തെ പട്ടണം, തൃശൂര്‍ ജില്ലയിലെ മതിലകം എന്നീ പ്രദേശങ്ങളില്‍ ഉത്ഖനനം നടത്തുന്നതിന് 'പാമ' എന്ന സ്വകാര്യ ഗവേഷണ ഏജന്‍സിക്കാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അനുമതി നല്‍കിയിരുന്നത്. കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സ്ഥാപക ഡയറക്ടര്‍ പിജെ ചെറിയാനാണ് പാമയുടെ ഡയറക്ടര്‍. എന്നാല്‍ തങ്ങളുടെ ലോഗോ ദുരുപയോഗം ചെയ്തതായും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ഇന്റേണ്‍ഷിപ്പ് ഫീസ് വാങ്ങിയെന്നും ആരോപിച്ചാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ അനുമതി പിന്‍വലിച്ചത്.

ഇതിനെതിരെയാണ് പാമ ഡയറക്ടര്‍ പിജെ ചെറിയാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. പദ്ധതിയുമായി വിവിധ സര്‍വകലാശാലകളുമായി സഹകരിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ടെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. അതിനാല്‍ തന്നെ എഎസ്‌ഐയുടെ നിലപാട് തെറ്റാണെന്നും പിജെ ചെറിയാന്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രാചീന റോമാ സാമ്രാജ്യകാലത്തെ ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെ അവിഭാജ്യ ഘടകമായിരുന്നോ പട്ടണമെന്ന് കണ്ടെത്താനാണ് ഉത്ഖനനം നടത്തിയിരുന്നത്. ഇത് വരെയുള്ള ഗണനത്തില്‍ നിര്‍ണായകമായ പല വസ്തുതകളും കണ്ടെത്തിയതായും പാമ ഹര്‍ജിയില്‍ അവകാശപ്പെട്ടിട്ടുണ്ട്. അഭിഭാഷകന്‍ ശ്രീറാം പറക്കാട്ടാണ് ചെറിയാന് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

content highlights: Petition against Archaeological Survey of India in Delhi High Court