വളര്‍ത്തുപൂച്ചയായ സിനു വീടിന് പുറകുവശത്തേക്ക് ഓടുന്നതു കണ്ട് സമ്പത്ത് കുമാര്‍ പരീദയും അതിനെ പിന്തുടര്‍ന്നു. വീടിന്റെ പുറകുവശത്തേക്ക് പൂച്ച സാധാരണയായി പോകാത്തതും പതിവില്ലാത്ത തരത്തിലുള്ള പാച്ചിലും കണ്ടാണ് സമ്പത്ത് സിനുവിന്റെ പിന്നാലെ പോയത്. അപ്രതീക്ഷിതമായെത്തിയ ശത്രുവിനെയും അതിനെ പറമ്പില്‍ പ്രവേശിപ്പിക്കാതെ  പുറകു വശത്തെ അതിര്‍ത്തിക്കരികില്‍ കാവല്‍ നില്‍ക്കുന്ന പൂച്ചയേയും കണ്ട് സമ്പത്ത് ഒന്നമ്പരന്നു. പത്തി വിടര്‍ത്തിയ നാലടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പാണ് അതിര്‍ത്തിക്കപ്പുറത്ത്. സമ്പത്ത് പൂച്ചയെ വിളിച്ചെങ്കിലും അത് തിരികെ വരാന്‍ കൂട്ടാക്കാതെ അവിടെ തന്നെ നിന്നു. 

സമ്പത്ത് ഉടനെ തന്നെ സ്‌നേക്ക് ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു. അവിടെ നിന്ന് ആളെത്താന്‍ അര മണിക്കൂര്‍ സമയമെടുത്തു. അത്രയും നേരം സിനു പാമ്പിനെ പറമ്പിലേക്ക് കയറ്റാതെ കാവലിരുന്നു. ഇടയ്ക്ക് ഇരുവരും തമ്മില്‍ ചെറുതായൊന്ന് ഏറ്റുമുട്ടിയെങ്കിലും പിന്തിരിയാന്‍ പൂച്ച ഒരുക്കമായിരുന്നില്ല. പ്രതിരോധിക്കാന്‍ പൂച്ചയെത്തിയതിനെ തുടര്‍ന്ന് മൂര്‍ഖനും പത്തി താഴ്ത്താനോ അവിടെ നിന്ന് പോകാനോ തയ്യാറായില്ല. 

അരുണ്‍ കുമാര്‍ ബാരാല്‍ എന്ന വോളണ്ടിയര്‍ സ്ഥലത്തെത്തി മൂര്‍ഖനെ പിടികൂടി തുണിസഞ്ചിയിലാക്കി. പൂച്ചയെ വിരട്ടിയാണ് അരുണ്‍ പാമ്പിനെ പിടികൂടിയത്. പാമ്പിനെ സഞ്ചിയിലാക്കുന്നതു വരെ പൂച്ച പരിസരത്ത് തന്നെയുണ്ടായിരുന്നു. മൂര്‍ഖനെ സഞ്ചിയിലാക്കിയതോടെ സിനുവിന് സമാധാനമായി. അരമണിക്കൂറിലധികം നേരം മൂര്‍ഖനെ വിരട്ടി നിര്‍ത്തിയ സിനുപ്പൂച്ചയാണിപ്പോള്‍ പ്രദേശത്തെ ഹീറോ. 

ഒഡിഷയിലെ ഭിമതംഗിയിലാണ് സമ്പത്തും കുടുംബവും താമസിക്കുന്നത്. ചൊവ്വാഴ്ച ഉച്ച തിരിഞ്ഞാണ് വീടിന്റെ പരിസരത്ത് പാമ്പെത്തിയത്. മൂര്‍ഖനുമായുള്ള കടിപിടിക്കിടെ തങ്ങളുടെ വളര്‍ത്തുപൂച്ചയ്ക്ക് കടിയേറ്റിട്ടുണ്ടാവുമോ എന്നായിരുന്നു സമ്പത്തിന്റെ ആശങ്ക. എന്നാല്‍ അത്തരത്തിലൊന്നും സംഭവിച്ചിട്ടില്ലെന്ന് സിനുവിന്റെ ദേഹപരിശോധനയില്‍ നിന്ന് മനസിലായതോടെയാണ് സമ്പത്തിനും കുടുംബാംഗങ്ങള്‍ക്കും ആശ്വാസമായത്. എന്തായാലും സിനുവിന് മുമ്പത്തേക്കാളേറെ സ്‌നേഹവും പരിചരണവുമാണ് വീട്ടുകാര്‍ നല്‍കുന്നത്.

 

 

Content Highlights: Pet cat stands guard against cobra for 30 minutes to save owner’s family