2001ൽ ഇന്ത്യയിലെത്തിയ മുഷറഫിനെ സ്വീകരിക്കുന്ന എബി വാജ്‌പേയി. Photo: PTI
ഏറ്റവും ഒടുവില്‍ ഇന്ത്യയും പാകിസ്താനും യുദ്ധമുഖത്ത് ഏറ്റുമുട്ടിയത് 1999-ലാണ്. അന്ന് പാകിസ്താന്‍ ഭരിച്ച പട്ടാള മേധാവിയാണ് ഇന്ന് അന്തരിച്ച ജനറല്‍ പര്‍വേസ് മുഷറഫ്. ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ ഊഷ്മളത വരുത്താന്‍ ശ്രമിക്കുന്നു എന്ന് കാണിച്ച നേതാവ്. പക്ഷേ, ഫലത്തില്‍ വൈരം മൂര്‍ച്ഛിക്കുകയാണ് ചെയ്തത്.
1999 ജൂലായ് 26-ന് പര്‍വേസ് മുഷറഫ് ആദ്യമായി പരാജയപ്പെട്ടു. പാകിസ്താന്‍ കടന്നുകയറിയ കാര്‍ഗില്‍ മലനിരകളില്‍ അന്നാണ്, വിജയകാഹളം മുഴക്കി ഇന്ത്യന്‍ സൈനികര്‍ ദേശീയ പതാക ഉയര്‍ത്തിയത്. പക്ഷേ, പിന്നീടും ഒരു പതിറ്റാണ്ടോളം പാകിസ്താന്‍ രാഷ്ട്രീയത്തില്‍ മുഷറഫ് തന്നെയായിരുന്നു അവസാന വാക്ക്. ഒടുവില്‍ രാജ്യത്താല്‍ തന്നെ തിരസ്‌കരിക്കപ്പെട്ട് നാടുവിട്ട് താമസിച്ച്, വിദേശത്ത് മരണം.
ബ്രിട്ടീഷ് ഭരണകാലത്ത് 1943-ല്‍ ഡല്‍ഹിയിലാണ് പര്‍വേസ് മുഷറഫ് ജനിച്ചത്. വിഭജനത്തിന് ശേഷം കറാച്ചിയിലേയ്ക്ക് കുടിയേറി. അവിടെ സൈനിക സ്‌കൂളുകളിലും കോളേജുകളിലും പഠനം. 1964 ല്‍ പാക്കിസ്ഥാന്റെ സൈനിക സര്‍വീസില്‍. 1965-ലെയും 71-ലെയും ഇന്ത്യ -പാക് യുദ്ധങ്ങളില്‍ പങ്കെടുത്തു. 1998-ല്‍ നവാസ് ഷെരീഫ് ആണ് മുഷറഫിനെ സൈനിക മേധാവിയായി നിയമിച്ചത്. എന്നാല്‍ പാലു കൊടുത്ത കൈക്ക് തന്നെ മുഷറഫ് കൊത്തി. 1999 ഒക്ടോബര്‍ 13-ന് പാകിസ്താന്‍ സര്‍ക്കാരിനെ പട്ടാളം അട്ടിമറിച്ചു. പ്രധാന നേതാക്കളെയെല്ലാം ജയിലഴികള്‍ക്കുള്ളിലാക്കി. ശേഷം മുഷറഫ് പാകിസ്താനില്‍ പട്ടാള ഭരണകൂടം സ്ഥാപിച്ചു.
.jpg?$p=f1d66bc&&q=0.8)
കാര്‍ഗില്‍ യുദ്ധ ശേഷം 2001-ല്‍ പ്രസിഡന്റായി. അക്കാലത്താണ് മുഷറഫ് ഇന്ത്യയിലെത്തി സമാധാന ചര്‍ച്ചകള്‍ നടത്തിയത്. 2001 ജൂലൈ 16-ന് ആഗ്രയില്‍ നടന്ന ചര്‍ച്ച ഇരു രാജ്യങ്ങളിലെ ജനങ്ങളും ലോക രാജ്യങ്ങളും പ്രതീക്ഷയോടെ കണ്ടു. പക്ഷേ, ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടന്നപ്പോഴും മറുവശത്ത് പാകിസ്താനിലെ ഭീകരര്‍ ഇന്ത്യന്‍ മണ്ണില്‍ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. സമാധാന ചര്‍ച്ചകള്‍ മുന്നോട്ട് പോയില്ല.
2007 മുതല്‍ മുഷറഫ് തകര്‍ന്ന് തുടങ്ങി. അമിതാധികാര പ്രയോഗം നടത്തി ചീഫ് ജസ്റ്റിസിനെ പുറത്താക്കി. അത് വന്‍വിവാദമായതോടെ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രതിപക്ഷം ഒറ്റക്കെട്ടായി മുഷറഫിനെതിരെ നീങ്ങി. ഒടുവില്‍ 2008-ല്‍ രാജിവെച്ച് പുറത്ത് പോകേണ്ടി വന്നു. ഭരണകാലത്തെ കുറ്റകൃത്യങ്ങള്‍ക്ക് പാക്കിസ്ഥാന്‍ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചതോടെ വിദേശത്ത് അഭയം തേടി.
.jpg?$p=55d0460&&q=0.8)
2013-ല്‍ 23 പാര്‍ട്ടികളുടെ സഖ്യമുണ്ടാക്കി പാക്കിസ്ഥാന്‍ രാഷ്ട്രീയത്തിലേയ്ക്ക് തിരിച്ച് വരാനുള്ള ശ്രമം നടത്തിയതാണ്. പക്ഷേ, നടന്നില്ല. സ്വന്തം ജനതയ്ക്കും അയല്‍ക്കാര്‍ക്കും യുദ്ധത്തിന്റെയും പട്ടാള ഭരണത്തിന്റെയും ഭീകരത സമ്മാനിച്ച നേതാവിന് ഒടുവില്‍ മറ്റൊരു രാജ്യത്ത് അവസാനശ്വാസം വലിക്കേണ്ടിവന്നു.
Content Highlights: Pervez Musharraf, ex-Pakistani ruler who masterminded Kargil war, dies
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..