ന്യൂഡൽഹി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരേ കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് ഇറക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന്‌ ആവശ്യപ്പെട്ട്  ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കള്‍ സുപ്രീം കോടതിയില്‍ തടസ്സ ഹര്‍ജി നല്‍കിയേക്കും.

പെരിയ ഇരട്ട കൊലപാതകത്തെ സംബന്ധിച്ച് അന്വേഷണം നടത്തി സി.ബി.ഐ. ഫയല്‍ ചെയ്യുന്ന റിപ്പോര്‍ട്ടിനൊപ്പം ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ടും പരിഗണിച്ച് വിചാരണ കോടതി തുടര്‍ നടപടി സ്വീകരിക്കണം എന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് സി.ടി. രവികുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നത്. എന്നാല്‍, കേസിലെ ഗൂഢാലോചന ഉള്‍പ്പടെ ഉള്ള വിഷയങ്ങള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചിരുന്നു എന്നാണ് സര്‍ക്കാരിന്റെ നിലപാട്. കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്നും കേരളം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് വേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി. പ്രകാശ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാല് പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടി. ഈ പിഴവുകള്‍ തിരുത്തി നല്‍കുന്നതോടെ പ്രത്യേക അനുമതി ഹര്‍ജിക്ക് നമ്പര്‍ ലഭിക്കും. കേസ് അടുത്തയാഴ്ച്ച കോടതിയുടെ പരിഗണനയ്ക്ക് എത്തുമെന്നാണ്‌ കോടതി വൃത്തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഉള്‍പ്പടെ ഉള്ള സീനിയര്‍ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായിരുന്നത്‌ സീനിയര്‍ അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ മനീന്ദര്‍ സിംഗ് ആയിരുന്നു.  

2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുേമ്പാള്‍ അക്രമികള്‍ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കൃപേഷ് സംഭവസ്ഥലത്തും ശരത് ലാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. സി.പി.എം. മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്.

content highlights: Periya Twin Murder case, state government gives appeal in Supreme court