സുപ്രീം കോടതി | ഫൊട്ടൊ: സാബു സ്കറിയ മാതൃഭൂമി
ന്യൂഡല്‍ഹി: കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്ത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത അപ്പീല്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം. ഈ ആവശ്യമുന്നയിച്ച് സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ്, സുപ്രീം കോടതി രജിസ്ട്രിക്ക് കത്ത് നല്‍കി.
ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിട്ടും കേസ് ഡയറിയും മറ്റ് രേഖകളും സിബിഐയ്ക്ക് കൈമാറുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കൃപേഷിന്റേയും ശരത്ത് ലാലിന്റെയും കുടുംബം ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. കോടതിയലക്ഷ്യ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന കാര്യവും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്കുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ ജി പ്രകാശ് സുപ്രീം കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്തത്. എന്നാല്‍ അപ്പീലുമായി ബന്ധപ്പെട്ട് നാല് പിഴവുകള്‍ സുപ്രീം കോടതി രജിസ്ട്രി ചൂണ്ടിക്കാട്ടിയിരുന്നു. ഈ പിഴവുകള്‍ തിരുത്തി നല്‍കിയതോടെ ഇന്നലെ പ്രത്യേക അനുമതി ഹര്‍ജിക്ക് നമ്പര്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അടിയന്തരമായി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതി രജിസ്ട്രിയെ സമീപിച്ചത്.
കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് കേരളത്തിന്റെ നിലപാട്. കേരളത്തിന്റെ അപ്പീലില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബം സുപ്രീം കോടതിയില്‍ തടസ്സഹര്‍ജി നല്‍കിയിട്ടുണ്ട്.
Content Highlights: Periya double murder- Kerala urges immediate hearing
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..