-
ന്യൂഡല്‍ഹി: ഇന്ത്യയും ഓസ്ട്രേലിയയും തമ്മില്‍ സദൃഢമായ ബന്ധം കാത്തുസൂക്ഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണുമായുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു.
ഓസ്ട്രേലിയില്‍ കോവിഡ് ബാധയേറ്റ ജനങ്ങളുടെ ദു:ഖത്തില്‍ ഇന്ത്യയും പങ്കുചേരുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഏറ്റവും ഉചിതമായ സമയമാണിത്. സൗഹൃദം ശക്തിപ്പെടുത്താന്‍ നിരവധി അവസരങ്ങളുണ്ട് ഇപ്പോള്‍. ഈ സാധ്യതകളെ യാഥാര്‍ഥ്യമാക്കേണ്ടതുണ്ട്.
ഓസ്ട്രേലിയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധരാണ്. ഇരുരാജ്യങ്ങള്‍ക്കും മാത്രമല്ല ഇന്തോ-പസഫിക് മേഖലയ്ക്കും മുഴുവന്‍ ലോകത്തിനും ഇത് ഗുണം ചെയ്യുമെന്ന് മോദി പറഞ്ഞു.
പ്രതിസന്ധി നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഇന്ത്യയ്ക്കുള്ളിലും ജി-20 രാജ്യങ്ങളിലും ഇന്തോ-പസഫിക് മേഖലകളിലും പ്രധാനമന്ത്രി മോദി നടത്തുന്ന ഫലപ്രദവും ക്രിയാത്മകവുമായ ഇടപെടലുകള്‍ക്ക് നന്ദിപറയുന്നുവെന്ന് സ്കോട്ട് മോറിസോണ് പറഞ്ഞു.
ലോകാരോഗ്യസംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ നേതൃനിരയിലേക്ക് ഇന്ത്യ എത്തിയത് താന്‍ അഭിനന്ദിക്കുന്നു. ലോകത്തെ കോവിഡ് പ്രതിസന്ധിയെ നേരിടുന്നതില്‍ ഇന്ത്യയുടെ നേതൃസ്ഥാനം നിര്‍ണായകമാണ്.
പ്രസിദ്ധമായ മോദിയുടെ ആലിംഗനം നേടാനും തന്റെ സമോസ പങ്കുവെയ്ക്കാനും അവിടെ ഉണ്ടാവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജനപ്രിയ ഇന്ത്യന്‍ ലഘുഭക്ഷണമായ സമോസ പരീക്ഷിച്ച ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അത് നരേന്ദ്ര മോദിയുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. സമോസയുമായി നില്ക്കുന്ന ചിത്രങ്ങളും മോറിസണ്‍ ട്വീറ്റ് ചെയ്തിരുന്നു. കോവിഡിനെതിരേ നിര്‍ണായക വിജയം നേടികഴിഞ്ഞാല്‍, നമ്മള് ഒരുമിച്ച് സമോസകള്‍ ആസ്വദിക്കുമെന്ന് ട്വീറ്റ് പങ്കുവെച്ചുകൊണ്ട് മോദിയുടെ പ്രതികരിച്ചിരുന്നു.
ജനുവരിയില്‍ നിശ്ചയിച്ചിരുന്ന മോറിസന്റെ ഇന്ത്യന്‍ സന്ദര്‍ശനം കാട്ടുതീ പ്രതിസന്ധി മൂലം റദ്ദാക്കിയിരുന്നു. പിന്നീട് കോവിഡ് ഭീഷണി മൂലം യാത്രകള്‍ നിരോധിച്ചതിനാലാണ് ഇരു പ്രധാനമന്ത്രിമാരും തമ്മില്‍ വെര്‍ച്വല്‍ കൂടിക്കാഴ്ച നടത്തിയത്.
Content Highlights: Perfect Time To Strengthen Ties": PM In Virtual Summit With Australian PM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..