ന്യൂഡല്‍ഹി :അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ, പ്രകാശ് ജാവഡേക്കര്‍, യോഗി ആദിത്യനാഥ് തുടങ്ങിയ നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ നടത്തിയ വിദ്വേഷ പരാമര്‍ശങ്ങളാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടിയായതെന്ന് ഡല്‍ഹി ഘടകം ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി.

ബിജെപി എംപി പര്‍വേഷ് വര്‍മ അരവിന്ദ് കെജ് രിവാളിനെ തീവ്രവാദിയോട് ഉപമിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിന് സന്ദര്‍ഭം എന്തായാലും നടത്തിയത് വിദ്വേഷ പ്രസംഗമാണെന്ന് തിവാരി കുറ്റപ്പെടുത്തി. 'അതുകാരണം പാര്‍ട്ടിക്ക് വലിയ തോതിലുള്ള നഷ്ടമാണ് അഭിമുഖീകരിക്കേണ്ടി വന്നത്‌. ആ പ്രസംഗത്തെ അന്നും ഇതാ ഇന്നും ഞങ്ങള്‍ അപലപിക്കുന്നു.'- തിവാരി പറഞ്ഞു.

വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കണമെന്നും തിവാരി ആവശ്യപ്പെട്ടു. സഹപ്രവര്‍ത്തകനായ കപില്‍ മിശ്രയായാലും അപ്രകാരം ചെയ്യണം. ഡിസംബറില്‍ ഡല്‍ഹിയില്‍ നടന്ന ഒരു റാലിയില്‍ സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കണമെന്ന മുദ്രാവാക്യം കപില്‍ മിശ്ര വിളിച്ചിരുന്നു. 

'ഇത്തരത്തിലുളള വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നവരെ പാര്‍ട്ടിയില്‍ നിന്ന് സ്ഥിരമായി പുറത്താക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിദ്വേഷ പ്രസംഗം നടത്തുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യരാക്കുന്ന അവസ്ഥയുണ്ടാകണം. അത്തരമൊരു നടപടി വന്നാല്‍ ഒരു പാര്‍ട്ടി പ്രസിഡന്റ് എന്ന നിലയിലല്ല മറിച്ച് ഒരു വ്യക്തിയെന്ന നിലയില്‍ ഞാനതിനെ പിന്തുണയ്ക്കും. എല്ലാ നേതാക്കളും പരിശോധനയ്ക്ക് വിധേയരാകണം.' -തിവാരി പറഞ്ഞു.

കെജ്‌രിവാളിന് എതിരായി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ ബിജെപിക്ക് കഴിയാതിരുന്നതും പരാജയ കാരണമായി തിവാരി ചൂണ്ടിക്കാട്ടുന്നുണ്ട്. വിദ്വേഷ പ്രചാരണം ബിജെപിക്ക് തിരിച്ചടിയായെന്ന് അമിത് ഷായും അഭിപ്രായപ്പെട്ടിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ എട്ടുസീറ്റുമാത്രമാണ് ബിജെപിക്ക് നേടാനായത്. 

Content Highlights: People who make hate speech should be removed : Manoj Tiwari