ന്യൂഡല്‍ഹി: രാജ്യം 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധ വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ മുന്‍പ്രധാനമന്ത്രി ഇന്ധിരാ ഗാന്ധിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപമാനിച്ചുവെന്ന് കോണ്‍ഗ്രസ്.

ഇന്ദിരയെ ലോകം ആദരവോടെ ഓര്‍ക്കുന്ന ദിവസം അവര്‍ പ്രതിനിധീകരിച്ചിരുന്ന മണ്ഡലത്തില്‍തന്നെ ഇത്തരത്തില്‍ മോദി സംസാരിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് പ്രമോദ് തിവാരി പറഞ്ഞു. സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നടത്തിയ റാലിക്കിടെ കോണ്‍ഗ്രസിനെതിരെ മോദി രൂക്ഷ വിമര്‍ശം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയത്.

മോദിയുടെ പ്രസംഗം പകുതിയായപ്പോള്‍ തന്നെ ആളുകള്‍ പിരിഞ്ഞുപോകാന്‍ തുടങ്ങിയെന്ന് തിവാരി ആരോപിച്ചു. വിവാദ പരാമര്‍ശം നടത്തുന്നതിനുമുമ്പ് ജനങ്ങളുടെ അനുമതി പോലും മോദി തേടിയിരുന്നില്ല. ജനഹിതം അദ്ദേഹം പരിഗണിക്കാറേയില്ല. കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ നയങ്ങള്‍ സ്വീകരിക്കുമ്പോഴും മോദി ആരുടെയും അഭിപ്രായം ആരാഞ്ഞിരുന്നില്ല.

മോദി ഉദ്ഘാടനം ചെയ്ത റോഡ് പണികഴിപ്പിച്ചത് സോണിയ ഗാന്ധിയാണെന്ന് തിവാരി ചൂണ്ടിക്കാട്ടി. എപ്പോഴാണ് മോദി സ്വന്തമായി നടപ്പാക്കിയ പദ്ധതി ഉദ്ഘാടനം ചെയ്യുകയെന്ന് പരിഹസിച്ച അദ്ദേഹം രാഹുലിന്റെയും സോണിയയുടെയും മണ്ഡലങ്ങളായ അമേഠിയിലേയും റായ്ബറേലിയിലേയും വികസന പ്രവര്‍ത്തനങ്ങള്‍ കേന്ദ്രം നിര്‍ത്തിവെപ്പിച്ചുവെന്നും ആരോപിച്ചു.

Conntent Highlight: People Started Leaving When Modi Insulted Indira Gandhi in Raebareli Rally, Says Congress