ദെഹ്‌റാദൂണ്‍: കൂടുതല്‍ മക്കളുണ്ടായിരുന്നുവെങ്കില്‍ കൊറോണക്കാലത്ത് സര്‍ക്കാരില്‍ നിന്ന് അധികറേഷന്‍ ലഭിക്കുമായിരുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തീരഥ് സിങ് റാവത്ത്. നൈനിറ്റാളിലെ രാംനഗറില്‍ നടന്ന പൊതുപരിപാടിക്കിടെ നടത്തിയ പ്രസ്താവന തീരഥ് സിങ് റാവത്തിനെ വീണ്ടും വിവാദത്തിലാക്കി. 'കീറലുള്ള ജീന്‍സ്' വിവാദപ്രസ്താവന നടത്തി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് പുതിയ പ്രസ്താവന നടത്തി തീരഥ് സിങ് റാവത്ത് വിമര്‍ശനത്തിരയാകുന്നത്. 

'10 കുട്ടികളുള്ളവര്‍ക്ക് 50 കിലോ റേഷന്‍ ലഭിച്ചപ്പോള്‍ 20 മക്കളുള്ളവര്‍ക്ക് അതിനിരട്ടിയാണ് ലഭിച്ചത്. രണ്ട് മക്കളുള്ളവര്‍ക്കോ വെറും 10 കിലോ മാത്രം. ഇവിടെ പലരും പുതിയ കടകള്‍ തുടങ്ങി കിട്ടിയ റേഷന്‍ വിറ്റഴിച്ചു. ഇതില്‍ ആരെയാണ്  കുറ്റപ്പെടുത്തേണ്ടത്?  രണ്ട് കുട്ടികള്‍ മാത്രം മതിയെന്ന തീരുമാനമെടുത്തിട്ട് ഇപ്പോള്‍ 20 കുട്ടികളുള്ളവരെ കുറിച്ചോര്‍ത്ത് നിങ്ങള്‍ അസൂയപ്പെട്ടിട്ട് യാതൊരു കാര്യവുമില്ല', റാവത്ത് പറഞ്ഞു. 

200 കൊല്ലം അമേരിക്കക്കാര്‍ ഇന്ത്യ ഭരിച്ചതെന്ന് ഇതേ പരിപാടിക്കിടെയാണ് തീരഥ് സിങ് റാവത്ത് തെറ്റായി പ്രസ്താവിച്ചത്. ബ്രിട്ടന് പകരം അമേരിക്ക എന്നായിരുന്നു യാദവിന് തെറ്റുപറ്റിയത്. ലോകം മുഴുവന്‍ അടക്കി വാണ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായിരുന്നു അമേരിക്കയുടേതെന്നും എന്നാലിപ്പോള്‍ കോവിഡ് കാരണം ലക്ഷക്കണക്കിനാളുകളാണ് അമേരിക്കയില്‍ മരിക്കുന്നതെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു. 

കീറലുള്ള ജീന്‍സിടുന്ന സ്ത്രീകള്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് പകരുന്നതെന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെയുള്ള വിഡ്ഡിത്തം നിറഞ്ഞ പുതിയ പ്രസ്താവനകള്‍ റാവത്തിനെ വീണ്ടും വിമര്‍ശനത്തിനും പരിഹാസത്തിനും പാത്രമാക്കിയിരിക്കുകയാണ്. 

 

Content Highlights: People should have produced more children to get extra ration says Tirath Sing Rawat