ഗ്വാളിയോര്‍: ബാലാക്കോട്ടിലെ ഭീകര ക്യാമ്പുകള്‍ക്കു നേരെ വ്യോമസേന നടത്തിയ ആക്രമണത്തിന് തെളിവ് ചോദിക്കുന്നവര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി ആര്‍എസ്എസ് ജോയിന്റ് സെക്രട്ടറി ദത്താത്രേയ ഹോസബലേ. ഇത്തരക്കാരുടെ വിശ്വാസവും ദേശീയബോധവും സംശയകരമാണെന്നും അടുത്ത മിന്നലാക്രമണത്തിന് ഇത്തരക്കാരെയും സൈനികര്‍ക്കൊപ്പം കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു. 

താന്‍ നിരവധി സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ഒരു വിഭാഗം ആള്‍ക്കാര്‍ മാത്രമാണ് ഇന്ത്യ നടത്തിയ ആക്രമണത്തിന് തെളിവ് വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരു സൈനിക നീക്കം നടത്തുമ്പോള്‍ ഇത്തരക്കാരെയും സൈന്യത്തിനൊപ്പം അയയ്ക്കുകയാണ് വേണ്ടത്. ഇത്തരം ആള്‍ക്കാര്‍ കൂടുതല്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ന് വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പാകിസ്താന്‍ സമ്മതിക്കുകയും ഇന്ത്യന്‍ വ്യോമസേന പ്രഖ്യാപിക്കുകയും ചെയ്തിട്ടും  ചിലര്‍ക്ക് ഇപ്പോഴും സംശയങ്ങളാണെന്നും ഇന്ത്യയുടെ ചോറുണ്ണുന്നവര്‍ പാകിസ്താനെ സഹായിക്കുന്ന പ്രസ്താവനകളാണ് നടത്തുന്നതെന്നും അദ്ദേഹം ഇന്ന് പ്രസ്താവിച്ചിരുന്നു.

Content Highlights: Proof of IAF Strike, Military Action, RSS, pulwama attack, surgical strike 2, balakot attack