ശ്രീനഗര്‍:സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷ്യവസ്തുക്കള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നുവെന്ന് ബിഎസ്എഫ് ജവാന്റെ ആരോപണത്തെ ന്യായീകരിച്ച് പ്രദേശവാസികളുടെ വെളിപ്പെടുത്തല്‍.

അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എണ്ണയും ഭക്ഷ്യവസ്തുക്കളും വിപണി വിലയുടെ പകുതി തുകക്ക് തങ്ങള്‍ക്കുലഭിക്കുന്നുണ്ടെന്നാണ് സൈനിക ക്യാമ്പിന് സമീപത്ത് താമസിക്കുന്നവര്‍ പറയുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്. 

പെട്രോളും ഡീസലും അരിയും പച്ചക്കറിയുമടക്കമുള്ള സാധനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ വഴി ലഭ്യമാകുമെന്നാണ് ശ്രീനഗറിലെ ഹുംഹാമ ബിഎസ്എഫ് ആസ്ഥാനത്തിനടുത്തെ ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. സൈനികരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന എല്ലാ സാധനങ്ങളും കുറഞ്ഞ വിലക്ക് ഏജന്റുമാര്‍ എത്തിച്ചു തരാറുണ്ടെന്നും ഇവര്‍ പറയുന്നു.

ഭക്ഷണസാധനങ്ങള്‍ കടത്തുന്നത് കൂടാതെ ഓഫീസിലേക്കുള്ള ഫര്‍ണീച്ചറുകള്‍ക്ക് ടെന്‍ഡറുകള്‍ ലഭിക്കുന്നതിനും മറ്റും ഉദ്യോഗസ്ഥര്‍ കമ്മീഷന്‍ വാങ്ങും. ഗുണനിലവാരമൊന്നും അവര്‍ പരിശോധിക്കറില്ലെന്നും കച്ചവടക്കാര്‍ പറയുന്നു.

തങ്ങള്‍ക്ക് കിട്ടുന്നത് മോശം ഭക്ഷണമാണെന്നും പലപ്പോഴും ഭക്ഷണമില്ലാതെ കഴിയേണ്ടി വരുന്നതായും ആരോപിച്ച് ജമ്മുകശ്മീരില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ബിഎസ്എഫ് ജവാന്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

നാല്‌ മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബിഎസ്എഫിന്റെ 29 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവ് തനിക്ക് കിട്ടിയ ഭക്ഷണത്തിന്റെ ദൃശ്യവും കാട്ടിയിരുന്നു. ജവാന്‍മാരോട് ക്രൂരതയും അനീതിയുമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള വീഡിയോ വൈറലായതോടെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്‌ സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് തേടിയതായി ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.

എന്നാല്‍ ജവാന്‍മാര്‍ക്കു നല്‍കുന്നത് നല്ല ഭക്ഷണമാണെന്നും പരാതിക്കാരനായ ജവാന്‍ സ്വഭാവദൂഷ്യമുള്ളയാളാണെന്നുമാണ് ബിഎസ്എഫ് സംഭവത്തോട് പ്രതികരിച്ചത്.