ചിക്കമംഗളൂര്‍: തലകീഴായി മറിഞ്ഞ ഒരു ലോറി, ലോറിക്ക് മുകളിലും ചുറ്റിലും വന്‍ ജനക്കൂട്ടം. സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായ ഒരു വീഡിയോദൃശ്യമാണിത്.  ലോറി അപകടത്തില്‍ പെട്ടതറിഞ്ഞ് കോവിഡിനെ വകവെക്കാതെ തടിച്ചുകൂടിയ ജനങ്ങളാണെന്ന് കരുതിയാല്‍ തെറ്റി; മറിഞ്ഞ ലോറിയില്‍ നിന്ന് ബിയര്‍കുപ്പികള്‍ കടത്തിക്കൊണ്ടു പോകാനെത്തിയ വന്‍ ജനക്കൂട്ടമാണിത്. 

കര്‍ണാടകയിലെ ചിക്കമംഗളൂരില്‍ ഏപ്രില്‍ 20 നാണ് സംഭവം. നഞ്ജന്‍ഗുഡിലെ ഒരു ഡിസ്റ്റിലറിയില്‍ നിന്ന് ശിവമോഗ്ഗയിലേക്ക് പോയ ലോറിയാണ് തിക്കെരിയിലെ എംസി ഹള്ളിക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തില്‍ ലോറി ഡ്രൈവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. 

അപകടവിവരമറിഞ്ഞതോടെ പ്രദേശവാസികള്‍ സ്ഥലത്തെത്തി. ലോറിയില്‍ നിന്ന് റോഡിലേക്ക് വീണ പെട്ടികളില്‍ നിന്നും ലോറിക്കുള്ളില്‍ അവശേഷിച്ച പെട്ടികളില്‍ നിന്നും കുപ്പികളെടുത്ത് ആളുകള്‍ സ്ഥലം വിട്ടു. കഥയറിഞ്ഞതോടെ സ്ഥലത്തെത്തുന്ന ആളുകളുടെ എണ്ണവും കൂടി. ബിവറേജസിന് മുന്നിലെ അതേ സഹകരണവും സഹവര്‍ത്തിത്വവും അപകടസ്ഥലത്തും മദ്യപ്രേമികള്‍ മറന്നില്ലെങ്കിലും മാസ്‌ക് ധരിക്കലും സാമൂഹികാകലം പാലിക്കലും ഭൂരിഭാഗം പേരും മറന്നു. 

എണ്ണത്തില്‍ കുറവായതിനാല്‍ പോലീസുകാര്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പാടുപെടേണ്ടി വന്നു. ലോറിയിലെ പകുതിയിലധികം ലോഡ് ആളുകള്‍ കൊണ്ടു പോയതായി ഒരു പോലീസുദ്യോഗസ്ഥന്‍ അറിയിച്ചു. എക്‌സൈസ് വകുപ്പുദ്യോഗസ്ഥര്‍ സഥലത്തെത്തി അവശേഷിച്ച കുപ്പികള്‍ സ്ഥലത്ത് നിന്ന് മാറ്റി. 

Content Highlights: People grab beer bottles from toppled truck in Karnataka Video Viral