ന്യൂഡല്‍ഹി: കോവിഡ് വ്യാപനം നേരിടുന്നതില്‍ രാജ്യത്ത് അശ്രദ്ധ പ്രകടമായെന്ന് ചൂണ്ടിക്കാട്ടി ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നാം തരംഗത്തിനുശേഷം നമുക്കെല്ലാം അശ്രദ്ധയുണ്ടായെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍, സര്‍ക്കാരുകള്‍, ഭരണകൂടങ്ങള്‍ എന്നിവയെല്ലാം അശ്രദ്ധ പ്രകടമാക്കി. രണ്ടാം തരംഗം വരുന്നുവെന്ന് നമുക്കെല്ലാം അറിയാമായിരുന്നു. ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നിട്ടും നാം അശ്രദ്ധ പ്രകടമാക്കി.
മൂന്നാം തരംഗം വരുന്നുവെന്നാണ് അപ്പോള്‍ പറയുന്നത്. അതുകേട്ട് നമ്മള് ഭയന്നിരിക്കണോ? അതോ ശരിയായ സമീപനം സ്വീകരിച്ച് കോവിഡിനെ പൊരുതി തോല്‍പ്പിക്കണോ?, ആര്‍എസ്എസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം ചോദിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ ജനങ്ങളില്‍ ആത്മവിശ്വാസവും ശുഭാപ്തി വിശ്വാസവും ഉണ്ടാക്കുന്നതിനായാണ് ആര്‍എസ്എസ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചത്. രാജ്യം ഭാവിയെ മുന്നില്‍ക്കണ്ട് മുന്നേറണമെന്ന് ഭാഗവത് അഭിപ്രായപ്പെട്ടു. ഇന്നത്തെ അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇന്ന് സംഭവിച്ച തെറ്റുകളില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട്, മൂന്നാം തരംഗത്തെ നേരിടാനുള്ള ആത്മവിശ്വാസം നേടാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
ഇന്ത്യക്കാര്‍ മഹാമാരിക്കെതിരെ സമ്പൂര്‍ണ വിജയം നേടണമെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ജീവിതത്തിന്റെയും മരണത്തിന്റെയും ചക്രം തിരിഞ്ഞുകൊണ്ടേയിരിക്കും. ഇത്തരം കാര്യങ്ങള്‍ നമ്മെ ഭയപ്പെടുത്തരുത്. ഇത്തരം സാഹചര്യങ്ങളാണ് ഭാവിയെ നേരിടുന്നതിനായി നമ്മെ പരിശീലിപ്പിക്കുന്നത്. വിജയം അന്തിമമല്ല. പരാജയങ്ങളും. മുന്നേറാനുള്ള ധൈര്യം ഉണ്ടാവുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
വിവിധ സംഘടനകളുമായി സഹകരിച്ച് ആര്‍എസ്എസ്സിന്റെ 'കോവിഡ് റെസ്പോണ്‍സ് ടീം' ആണ് പ്രഭാഷണ പരമ്പര സംഘടിപ്പിച്ചതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ടു ചെയ്തു. മെയ് 11 മുതല്‍ അഞ്ച് ദിവസം നീണ്ടുനിന്നതായിരുന്നു പ്രഭാഷണ പരമ്പര. വിപ്രോ ഗ്രൂപ്പ് സ്ഥാപകന്‍ അസിം പ്രേംജി, ആത്മീയ ഗുരു ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ ഓണ്‍ലൈന്‍ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. പ്രഭാഷണ പരമ്പര ആര്‍എസ്എസ്സിന്റെ ഫെയ്സ്ബുക്ക് പേജിലും യൂട്യൂബ് ചാനലിലും തത്സമയം സംപ്രേഷണം ചെയ്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..