ന്യൂഡല്‍ഹി: ഇത്തവണത്തെ പത്മ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരുവിധത്തിലുമുള്ള ശുപാര്‍ശകളും ഇല്ലാതെയാണ് അവാര്‍ഡുകള്‍ നേടിയതെന്ന് അവാര്‍ഡ് ജേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്തില്‍ പറഞ്ഞു. നാട്ടു വൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടിയമ്മയ്ക്ക് പത്മ പുരസ്‌കാരം ലഭിച്ചതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നാം കണ്ണുതുറന്ന് നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നോക്കിയാല്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്ന നിരവധി പേരെ കാണാം. ഒരു വിധത്തിലുള്ള ശുപാര്‍ശകളും കൂടാതെ ഉയരങ്ങളിലെത്തിയവരാണ് അവരെല്ലാം എന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്മ പുരസ്‌കാരങ്ങള്‍ക്കായി ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പ്രധാമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആര്‍ക്കും ആരെയും പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. പുരസ്‌കാരത്തിനായുള്ള തിരഞ്ഞെടുപ്പില്‍ ഇപ്പോള്‍ സുതാര്യതയുണ്ട്. മെട്രോ നഗരങ്ങളില്‍ ജീവിക്കുന്നവരും പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നവരുമല്ലാത്ത സാധാരണക്കാരായ നിരവധി പേര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തയല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം- മോദി പറഞ്ഞു.

നാട്ടുവൈദ്യത്തില്‍ വിദഗ്ധയായ മലയാളി ലക്ഷ്മിക്കുട്ടി അടക്കമുള്ള സാധാരണക്കാരായ പുരസ്‌കാര ജേതാക്കളുടെ പേരുകള്‍ മോദി എടുത്തുപറഞ്ഞു. വനമേഖലയിലെ ഒരു കുടിലില്‍ ജീവിക്കുന്ന ലക്ഷ്മിക്കുട്ടി എന്ന സ്ത്രീ 500ലേറെ നാട്ടു മരുന്നുകള്‍ തന്റെ ഓര്‍മയില്‍ സൂക്ഷിക്കുകയും ചികിത്സ നടത്തുകയും ചെയ്യുന്നു. അവര്‍ക്കും ഇത്തവ പത്മശ്രീ പുരസ്‌കാരം ലഭിച്ചതായി മോദി ചൂണ്ടിക്കാട്ടി.

Content Highlights: Padma Awards, Awards without recommendation, Narendra Modi, mann ki baath