കിണറ്റിൽ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമം | ഫോട്ടോ: എ.എൻ.ഐ
വിദിഷ:കിണറ്റില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ കിണറിന്റെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് മുപ്പതോളം പേര് കിണറ്റില്‍ വീണു, മൂന്നുപേര്‍ മരിച്ചു. മധ്യപ്രദേശിലെ വിദിഷ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ ആളുകള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ കിണറിന്റെ ചുറ്റുമുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ഗഞ്ച്ബസോദയിലാണ് സംഭവം.
'കിണറ്റില്‍ വീണ 19 പേരെ രക്ഷപ്പെടുത്തി. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് സംഘങ്ങള്‍ സംഭവസ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.' മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. രക്ഷപ്പെടുത്തിയവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി പേര് ഇപ്പോഴും കിണറ്റിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് ആദരാഞ്ജലി അര്‍പ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട മുഖ്യമന്ത്രി അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Content Highlights: People Fall Into A Well In Madhya Pradesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..