നവ്ജോത് സിങ് സിദ്ദു | Photo: PTI
ചണ്ഡീഗഢ്: പഞ്ചാബിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനിരിക്കെ നേതൃത്വത്തിനെതിരേ കടുത്ത ഭാഷയിൽ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് നവ്ജ്യോത് സിങ്ങ് സിദ്ധു. തങ്ങളുടെ താളത്തിനൊത്ത് തുള്ളുന്ന ദുര്‍ബലനായ മുഖ്യമന്ത്രിയെ ആണ് 'മുകളിലുള്ളവര്‍ക്ക്' വേണ്ടത് എന്നാണ് നവ്ജ്യോത് സിങ്ങിന്റെ പരാമര്‍ശം. മുകളിലുള്ളവര്‍ എന്ന് സിദ്ധു ഉദ്ദേശിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആണെന്ന് വ്യാഖ്യാനിക്കപ്പെട്ടെങ്കിലും സിദ്ധു യഥാര്‍ഥത്തില്‍ ഉദ്ദേശിച്ചത് കേന്ദ്രസര്ക്കാരിനെയാണെന്ന് അദ്ദേഹത്തിന്റെ അനുയായി വ്യക്തമാക്കി.
പുതിയ പഞ്ചാബ് ഉണ്ടാവണമെങ്കില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ കയ്യിലായിരിക്കണം. ഇത്തവണ നിങ്ങള്‍ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കണം. മുകളിലുള്ളവര്‍ക്ക് വേണ്ടത് അവരുടെ താളത്തിനൊത്ത് തുള്ളുന്ന മുഖ്യമന്ത്രിയെ ആണ്. നിങ്ങള്‍ക്ക് അത്തരമൊരു മുഖ്യമന്ത്രിയെ ആണോ വേണ്ടത്? നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സിദ്ധു ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ അടുത്ത ദിവസം രാഹുല്‍ ഗാന്ധി പ്രഖ്യാപിക്കാനിരിക്കെയാണ് 'മുകളിലുള്ളവരെ' വിമര്‍ശിച്ചുകൊണ്ടുള്ള സിദ്ധുവിന്റെ പരാമര്‍ശം. നിലവിലെ മുഖ്യമന്ത്രിയായ ചരണ്‍ജിത്ത് സിങ് ചന്നി തന്നെയാവുമോ അതോ ഇക്കുറി സിദ്ധുവിനാണോ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവാനുള്ള നറുക്ക് വീഴുകയെന്നതറിയാന് കാത്തിരിക്കുകയാണ് പഞ്ചാബ് രാഷ്ട്രീയം.
ഫെബ്രുവരി 20-ന് നടക്കുന്ന പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് രണ്ട് മണ്ഡലങ്ങളിലാണ് ഛന്നിയെ മത്സരിപ്പിക്കുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഛന്നി തന്നെയാണെന്നതിന്റെ സൂചനയാണിതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ഞായറാഴ്ച ലുധിയാനയില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിലാവും രാഹുല്‍ ഗാന്ധി പഞ്ചാബ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക.
Content Highlights: "People At Top Want Weak Chief Minister": Navjot Sidhu
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..