മുംബൈ: പെന്‍ഷന്‍ മൗലികാവകാശമാണെന്നും അതിന്റെ ഒരു ഭാഗം പോലും നിയമപരമായിട്ടല്ലാതെ വെട്ടിക്കുറയ്ക്കുന്നത് അംഗീകരിക്കാവുന്ന കാര്യമല്ലെന്നും ബോംബെ ഹൈക്കോടതി. ജസ്റ്റിസ് രവി ദേശ്പാണ്ഡെയും ജസ്റ്റിസ് എന്‍.ബി. സൂര്യവംശിയും അടങ്ങുന്ന നാഗ്പുര്‍ ബെഞ്ചാണ് വ്യാഴാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. 

ബാന്ദ്രയിലെ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ അസിസ്റ്റന്റ് ഫോര്‍മാനായി വിരമിച്ച നൈനി ഗോപാലിന്റെ ഹര്‍ജി പരിഗണിക്കുകയായിരുന്നു രണ്ടംഗ ബെഞ്ച്. നാഗ്പുര്‍ സ്വദേശിയായ നൈനി ഗോപാല്‍ 1994 ഒക്ടോബറില്‍ ജോലിയില്‍നിന്ന് വിരമിച്ചിരുന്നു. തന്റെ പെന്‍ഷനില്‍നിന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രലൈസ്ഡ് പെന്‍ഷന്‍ പ്രോസസിങ് സെന്റര്‍ മാസംതോറും 11,400 രൂപ വീതം 3,69,035 രൂപ തിരികെ പിടിച്ചു എന്ന് കാണിച്ചാണ് നൈനി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചത്. 

2007 ഒക്ടോബര്‍ മുതല്‍ 782 രൂപ പെന്‍ഷന്‍ തുകയില്‍ അധികമായി ഇദ്ദേഹത്തിന് നല്‍കി വരുന്നതായി എസ്.ബി.ഐ. കോടതിയെ അറിയിച്ചു. സാങ്കേതിക പിഴവ് മൂലം ബാങ്കിന് പണനഷ്ടമുണ്ടായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് നല്‍കിയ അധികതുക തിരികെ വസൂലാക്കാന്‍ തീരുമാനിച്ചതെന്ന് എസ്.ബി.ഐ. വാദിച്ചു. പെന്‍ഷന്‍ നിശ്ചയിച്ചതില്‍ ഇദ്ദേഹത്തെ താഴ്ന്ന റാങ്കില്‍ പെടുത്തി തുക തിരികെ പിടിക്കാന്‍ റിസര്‍വ് ബാങ്കില്‍നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്നും എസ്.ബി.ഐ. അറിയിച്ചു. 

എന്നാല്‍, സാങ്കേതിക പിഴവ് സംബന്ധിച്ച് തെളിവ് നല്‍കാന്‍ ബാങ്കിന് സാധിച്ചില്ല എന്ന് കോടതി നിരീക്ഷിച്ചു. വിരമിച്ച തൊഴിലാളികളുടെ പെന്‍ഷന്‍ നിശ്ചയിക്കാന്‍ ബാങ്കിന് അധികാരമില്ലെന്നും ഹര്‍ജിക്കാരന്റെ പെന്‍ഷന്‍ തുകയില്‍നിന്ന് പണം ഈടാക്കാനുള്ള കൃത്യമായ കാരണം വ്യക്തമാക്കാന്‍ ബാങ്കിന്  സാധിച്ചില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇന്ത്യന്‍ ഭരണഘടനയുടെ 300-എ വകുപ്പനുസരിച്ച് പെന്‍ഷന്‍ എന്നത് സ്വത്തായാണ് വിവക്ഷിക്കുന്നതെന്നും 21-ാം വകുപ്പനുസരിച്ച് ഇത് ജീവിതനിവൃത്തിക്കായുള്ള മൗലികാവകാശമാണെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരനില്‍നിന്ന് പണം ഈടാക്കാനുള്ള ബാങ്കിന്റെ നടപടി അനധികൃതവും നിയമവിരുദ്ധവുമാണെന്ന് ബെഞ്ച് പ്രസ്താവിച്ചു.

മുതിര്‍ന്ന പൗരന്മാരുടെ അക്കൗണ്ടുകളില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ധൃതി പിടിച്ച ഇടപെടുന്നതില്‍ രോഷം പ്രകടിപ്പിച്ച കോടതി എട്ടു ദിവസത്തിനകം 50,000 രൂപ പരാതിക്കാരന്റെ അക്കൗണ്ടില്‍ ഇടണമെന്നും നിര്‍ദേശിച്ചു. മുടക്കം വരുത്തുകയാണെങ്കില്‍ ഓരോ ദിവസവും ആയിരം രൂപ വീതം പിഴയും അടക്കണം.

 

Content Highlights: Pension a fundamental right, cannot be deducted without authority of law- Bombay HC