ഇറ്റാനഗര്‍: ഭരണ പ്രതിസന്ധിയ്ക്ക് വിരാമമിട്ട് അരുണാചല്‍പ്രദേശ് മുഖ്യമന്ത്രിയായി പെമ ഖണ്ഡു സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രിയായി വിശ്വാസവോട്ട് തേടേണ്ടിയിരുന്ന നബാം തുക്കി രാജിവെച്ച് ഇന്നലെയാണ് പെമ ഖണ്ഡുവിനെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയത്. ഇതേത്തുടര്‍ന്ന് വിമത പിന്തുണ നേടിയ കോണ്‍ഗ്രസ് വിശ്വാസവോട്ടില്ലാതെ തന്നെ സഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കുകയായിരുന്നു.

രാജ് ഭവനില്‍ വെച്ചുനടന്ന ചടങ്ങില്‍ ചൗന മെയ്ന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററായും സത്യപ്രതിജ്ഞ ചെയ്തു. ചടങ്ങില്‍ നബാം തുക്കി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു.

2011 മെയ് മാസത്തില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവിന്റെ മകനാണ് 36-കാരനായ പെമ. പിതാവ് പ്രതിനിധാനംചെയ്ത മുക്തൊ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിലൂടെ ജയിച്ച് നിയമസഭയില്‍ എത്തിയ പെമ തുടര്‍ന്ന് മന്ത്രിയുമായി. വിനോദസഞ്ചാരം, ജലവിഭവം എന്നീ വകുപ്പുകളുടെ ചുമതലവഹിച്ചു. പിന്നീട് 2014-ല്‍ മന്ത്രിസ്ഥാനം രാജിവെച്ചു. ആ വര്‍ഷംതന്നെ നടന്ന തിരഞ്ഞെടുപ്പില്‍ മുക്തോ മണ്ഡലത്തില്‍നിന്ന് എതിരില്ലാതെ പെമ ജയിച്ചു.

വിമത എം.എല്‍.എ.മാരുടെ കടുത്ത എതിര്‍പ്പ് നേരിട്ടിരുന്ന മുന്‍മുഖ്യമന്ത്രി നബാം തുക്കിയോട് ശനിയാഴ്ചയ്ക്കകം വിശ്വാസവോട്ട് തേടാന്‍ സംസ്ഥാനത്തിന്റെ അധികചുമതല വഹിക്കുന്ന ത്രിപുര ഗവര്‍ണര്‍ തഥാഗത് റോയി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, 29 വിമത എം.എല്‍.എ.മാരുള്‍പ്പെടെ 44 അംഗങ്ങള്‍ പെമ ഖണ്ഡുവിന് പിന്തുണ പ്രഖ്യാപിച്ച് ഗവര്‍ണറെ സന്ദര്‍ശിച്ചതോടെ വിശ്വാസവോട്ടെടുപ്പില്ലാതെ ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് അവസരമൊരുങ്ങി. വിമത എം.എല്‍.എ.മാരുടെ പിന്തുണ ഉറപ്പാക്കാനാണ് യുവാവായ പെമ ഖണ്ഡുവിനെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നത്. 

നബാം തുക്കിയെ അംഗീകരിക്കാത്ത 29 കോണ്‍ഗ്രസ് എം.എല്‍.എ.മാര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെയാണ് അരുണാചല്‍പ്രദേശില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടങ്ങിയത്. മുന്‍ ധനമന്ത്രി കലിഖോ പുളിന്റെ നേതൃത്വത്തില്‍ ഇവര്‍ പിന്നീട് അരുണാചല്‍പ്രദേശ് പീപ്പിള്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ബി.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ പുളിന്റെ നേതൃത്വത്തില്‍ സര്‍ക്കാറും രൂപവത്കരിച്ചു.

ബുധനാഴ്ചയാണ് സുപ്രീംകോടതി ചരിത്രപരമായ വിധിയിലൂടെ അരുണാചല്‍പ്രദേശിലെ നബാം തുക്കി സര്‍ക്കാറിനെ പുനഃസ്ഥാപിച്ചത്. അന്നുതന്നെ ഡല്‍ഹിയിലെ അരുണാചല്‍ ഹൗസില്‍വെച്ച് നബാം തുക്കി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തു. എന്നാല്‍ 15 പേരുടെ പിന്തുണ മാത്രമേ ഉറപ്പിക്കാനായുള്ളൂ. വിശ്വാസവോട്ടെടുപ്പ് നേടാനാവില്ലെന്ന് ഉറപ്പായ സഹചര്യത്തിലാണ് മുഖ്യമന്ത്രിയെ മാറ്റി പ്രശ്നത്തിന് കോണ്‍ഗ്രസ് പരിഹാരം കണ്ടത്.