ജയ്പുര്‍: 2017 എപ്രിലില്‍ രാജസ്ഥാനില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട പെഹ്‌ലു ഖാനെതിരെ പശുക്കടത്ത് ആരോപിച്ച് കോൺഗ്രസ് സർക്കാരിന്റെ കുറ്റപത്രം. ജയ്പുരില്‍ നിന്ന് തന്റെ ഡയറി ഫാമിലേക്ക് പശുക്കളുമായി പോകുന്നതിനിടെയാണ് പെഹ്‌ലു ഖാനും അദ്ദേഹത്തിന്റെ മക്കളും ആക്രമിക്കപ്പെട്ടത്. അനധികൃതമായ കാലികളെ കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരിക്കേറ്റ പെഹ്‌ലു ഖാന്‍ പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. 

ഈ സംഭവത്തില്‍ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതില്‍ എട്ട് പേര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങി. രണ്ടുപേരെ ഇനിയും പിടികൂടാനായിട്ടില്ല. കേസില്‍ രണ്ട് എഫ്‌ഐആര്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഒന്ന് പെഹ്‌ലു ഖാനെയും മക്കളെയു ആക്രമിച്ച സംഭവത്തിലും മറ്റൊന്ന് കളക്ടറുടെ അനുമതി ഇല്ലാതെ അനധികൃതമായി കാലികളെ കൊണ്ടുപോയതിനുമാണ്. 

രണ്ടാമത്തെ എഫ്‌ഐആര്‍ അനുസരിച്ച് സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിലാണ് പെഹ്‌ലു ഖാന്‍, അദ്ദേഹത്തിന്റെ മക്കള്‍ എന്നിവരുടെ പേരുള്ളത്.  രാജസ്ഥാനിലെ കന്നുകാലി കശാപ്പ്,പശുക്കടത്ത് എന്നിവയെപ്പറ്റിയുള്ള നിയമങ്ങളിലെ ചില വകുപ്പുകള്‍ ഇവര്‍ ലംഘിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പെഹ്‌ലു ഖാന്‍ മരണപ്പെട്ടതിനാല്‍ അദ്ദേഹത്തിന് നിയമനടപടികള്‍ നേരിടേണ്ടി വരില്ല. എന്നാല്‍ മക്കള്‍ക്ക് കേസ് നേരിടേണ്ടി വരും. 

കഴിഞ്ഞ ബിജെപി സര്‍ക്കാരിന്റെ കാലത്താണ് ആള്‍ക്കൂട്ട ആക്രമണവും തുടര്‍ന്ന് അന്വേഷണവും ഒക്കെ നടന്നത്. കുറ്റപത്രം പരിശോധിച്ചതിന് ശേഷം എന്തെങ്കിലും പൊരുത്തക്കേടുകള്‍ കാണുകയാണെങ്കില്‍ വീണ്ടും അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.

Content Highlights: Pehlu Khan killed by  Lynching in 2017, now charge sheet against him