രഞ്ജൻ ഗൊഗോയ് | Photo: PTI
ന്യൂ ഡൽഹി: ഇസ്രായേൽ ചാര സോഫ്റ്റ്വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോൺ ചോര്‍ത്തല്‍ ലിസ്റ്റില്‍ ഉള്ളവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ യുവതിയുടെയും ബന്ധുക്കളുടെയും ഫോൺ കോളുകളും ചോർത്തിയവയിൽ ഉൾപ്പെടുമെന്ന് ദി വയർ റിപ്പോർട്ട് ചെയ്യുന്നു.
മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ പരാതിയുമായി രംഗത്തെത്തിയ യുവതിയുടെ നമ്പറും യുവതിയുടെ ഭർത്താവും സഹോദരങ്ങളും ഉപയോഗിക്കുന്ന മറ്റു എട്ട് നമ്പറുകളും പരാതി ഉന്നയിച്ച ആഴ്ചകളിൽ പെഗാസസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 28 പേജടങ്ങിയ പരാതിയുമായി യുവതി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. ജൂനിയർ അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെ ഗൊഗോയി തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി രംഗത്തെത്തിയത്. സുപ്രീം കോടതി ജഡ്ജിമാർക്ക് അയച്ച കത്തിലായിരുന്നു ഇക്കാര്യം യുവതി വ്യക്തമാക്കിയത്.
പരാതി ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ സമിതി അന്വേഷിക്കുകയും ആരോപണത്തിൽ കഴമ്പില്ലെന്ന് ചൂണ്ടിക്കാണിച്ച് രഞ്ജൻ ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയായിരുന്നു. വിരമിച്ചതിന് പിന്നാലെ എൻ.ഡി.എ. സർക്കാർ ഗൊഗോയിയെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തിരുന്നു.
Content Highlight: Pegasus: woman who accused ex-CJI of harassment, in in surveillance list
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..