ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി രമണ വിധി പ്രസ്താവത്തില്‍ പറഞ്ഞു.

ആറംഗ സമിതിയിൽ മൂന്ന് പേർ സാങ്കേതിക വിദഗ്ദരായിരിക്കും. സൈബർ വിദഗ്ദനായ നവീൻ ചൗധരി (അമൃത വിശ്വാവിദ്യാപീഠം കൊല്ലം), ഡോ. പ്രഭാകരൻ, ഡോ. അശ്വിനി ഗുപ്തെ (ഐഐടി ബോംബെ) എന്നിവരാണ് സാങ്കേതിക വിദഗ്ദർ. റോ മുൻ മേധാവി അലോക് ജോഷിയാണ് സമിതിയിലെ മറ്റൊരു അംഗം. സമിതി കേന്ദ്ര സർക്കാർ രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.

ആർവി രവീന്ദ്രനാണ് സുപ്രീം കോടതി നിയമിച്ച സമിതിയുടെ നേതൃത്വം. പ്രധാനപ്പെട്ട നിരവധി കേസുകളിൽ വിധി പറഞ്ഞ ആളാണ് ജസ്റ്റിസ് ആർവി രവീന്ദ്രൻ.

1993ലെ ബോംബൈ സ്ഫോടന കേസിൽ ആർ വി രവീന്ദ്രൻ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 1993 മാർച്ച് 12ന് മുംബൈയിലെ 12 ഇടങ്ങളിൽ നടന്ന ബോംബ് സ്ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 1400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് സ്ഫോടനം നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.

സ്ഫോടനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയത്. ജയിൽ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.

ഒബിസി റിസർവേഷൻ, കൃഷ്ണ ഗോദാവരി തർക്കം തുടങ്ങിയ നിരവധി കേസുകളിൽ മേൽനോട്ടച്ചുമതലയുള്ള ആളായിരുന്നു ആർവി രവീന്ദ്രൻ. കേരളത്തിൽ ഏറെ വിവാദമായ ഹാദിയ കേസിലും സുപ്രീം കോടതി അദ്ദേഹത്തെ മേൽനോട്ട ചുമതല ഏൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹം താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. 

ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് കേസിന്റെ മേൽനോട്ടം വഹിക്കാൻ ആർവി രവീന്ദ്രനെ തിരഞ്ഞെടുത്തു. എന്നാൽ പിന്നീട് കേസിന് മേൽനോട്ടം വഹിക്കാൻ താൽപര്യമില്ലെന്ന് ആർവി രവീന്ദ്രൻ വ്യക്തമാക്കുകയായിരുന്നു.

1968ലാണ് ആർ വി രവീന്ദ്രൻ നിയമ ബിരുദം നേടുന്നത്. 1993ൽ കർണാടക ഹൈകോർട്ടിൽ പ്രവേശിച്ചു. 2004ൽ അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി. 2005ലാണ് അദ്ദേഹം സുപ്രീം കോടതിയിലേക്ക് തിരഞ്ഞെടുക്കുന്നത്.

Content Highlights: Pegasus - Who is RV Raveendran? SC appoints expert committee to examine allegation of snooping