ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജി. ഫോണ്‍ ചോര്‍ത്തലിന് ഇരകളായ അഞ്ച് മാധ്യമപ്രവര്‍ത്തകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിഷയത്തില്‍ മൗലികാവകാശങ്ങളുടെ വലിയ ലംഘനമാണ് നടന്നതെന്ന് മാധ്യമപ്രവര്‍ത്തകരുടെ ഹര്‍ജിയില്‍ പറയുന്നു. 

ഫോറന്‍സിക് പരിശോധനയില്‍ തങ്ങളുടെ ഫോണില്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഇന്‍സ്റ്റാള്‍ ചെയ്തുവെന്ന് തെളിഞ്ഞിരുന്നു. അതിനാല്‍ വിഷയത്തില്‍ ഉന്നതതല അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിടണം. പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 

ഫോണ്‍ ചോര്‍ത്തലിന് ഇരകളായവര്‍ ആദ്യമായാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്. വിഷയത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നേരത്തതന്നെ മൂന്ന് ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മുഴുവന്‍ ഹര്‍ജികളും കോടതി ഒന്നിച്ചായിരിക്കും പരിഗണിക്കുക.

content highlights: pegasus spyware, journalist victims approached supreme court for enquiry