ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി അടുത്ത ആഴ്ച കേള്‍ക്കും. ചീഫ് ജസ്റ്റിസ് എന്‍ വി.രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് ഇന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. 

പൗരപ്രമുഖര്‍, പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, കോടതി ജീവനക്കാര്‍ തുടങ്ങിയവരുടെ വ്യക്തി സ്വാതന്ത്ര്യം നിരീക്ഷണത്തിലാക്കിയത് ഗൗരവമേറിയ വിഷയമാണെന്ന് സിബല്‍ ആരോപിച്ചു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്ത് മുഴുവന്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്ന വിഷയത്തില്‍ അടിയന്തരമായ വാദം കേള്‍ക്കല്‍ ആവശ്യമാണെന്ന് സിബല്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ കേസ് അടിയന്തരമായി കേള്‍ക്കണമെന്ന് സിബല്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്നാണ് വിഷയം അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. 

പെഗാസസ് ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് മൂന്ന് ഹര്‍ജികളാണ് കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.  പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, ശശികുമാര്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. സുപ്രീം കോടതിയിലെ സിറ്റിംഗ് ജഡ്ജിയോ, വിരമിച്ച ജഡ്ജിയോ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി.

കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ഫോണ്‍ ചോര്‍ത്തല്‍ നടത്തിയത് കേന്ദ്ര സര്‍ക്കാരിന് വേണ്ടിയായതിനാല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നിഷ്പക്ഷമായ അന്വേഷണം നടത്തില്ല. സുതാര്യമായ അന്വേഷണം നടത്തിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാലാണ് രാജ്യസഭാംഗമായ താന്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയില്‍ ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മയാണ് പെഗാസസ് വിഷയത്തില്‍ മറ്റൊരു ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

 

Content Highlights:Pegasus Snooping; Supreme Court to hear Journalists' plea on next week