പനാജി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. പ്രതിപക്ഷത്തിന് മറ്റുവിഷയങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതുകൊണ്ടാണ് ഇത് വിഷയമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

'വിവിധ പ്രശ്‌നങ്ങളില്‍ ചര്‍ച്ച നടത്താന്‍ കേന്ദ്രം തയ്യാറാണെങ്കിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള 'നിരാശാജനകവും' 'നിസ്സഹായരുമായ' പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുകയാണ്'-അദ്ദേഹം പറഞ്ഞു.
രണ്ടുദിവസത്തെ ഗോവാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അദ്ദേഹം. 'ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിനു കഴിയുന്നില്ല. അതിനാലാണ് അവര്‍ ഫോണ്‍ ചോര്‍ത്തല്‍ പോലുള്ള വിഷയങ്ങള്‍ ഉന്നയിക്കുന്നത്'-നഡ്ഡ പറഞ്ഞു.

രണ്ട് കേന്ദ്രമന്ത്രിമാരുള്‍പ്പടെ രാജ്യത്തെ 300 പേരുടെ ഫോണ്‍വിവരങ്ങള്‍ ഇസ്രയേലി നിര്‍മിത സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്ന വിവരം അന്താരാഷ്ട്ര മാധ്യമങ്ങളുടെ കൂട്ടായ്മ കഴിഞ്ഞ ഞായറാഴ്ചയാണ് വെളിപ്പെടുത്തിയത്. എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു.

Content Highlights: Pegasus snooping allegations baseless opposition left with no issue-Nadda