Supreme Court | Photo: AP
ന്യൂഡല്‍ഹി: പെഗാസസ് സോഫ്ട്വെയര് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച ജസ്റ്റിസ് ആര്.വി.രവീന്ദ്രന് അധ്യക്ഷനായ സമിതി ഇടക്കാല റിപ്പോര്‍ട്ട് കൈമാറി. മുദ്രവെച്ച കവറിലാണ് ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് കൈമാറിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയതായാണ് സൂചന. ഇടക്കാല റിപ്പോര്‍ട്ടും സമിതിയുടെ ആവശ്യവും സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും.
മാധ്യമ പ്രവര്‍ത്തകരായ എന്‍.റാം, സിദ്ധാര്‍ഥ് വരദരാജന്, രാജ്യസഭാ അംഗം ജോണ്‍ ബ്രിട്ടാസ് എന്നിവരുള്‍പ്പെടെ ഒരു ഡസണില്‍ അധികം പേരുടെ മൊഴി ജസ്റ്റിസ് രവീന്ദ്രന്റെ അധ്യക്ഷതയിലുള്ള സമിതി രേഖപ്പെടുത്തിയിരുന്നു. ഇതിന് പുറമെ ചോര്‍ത്തപ്പെട്ട ചില ഫോണുകള്‍ സാങ്കേതിക പരിശോധനയ്ക്ക് വിധയമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇടക്കാല റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറിയത്. ഇടക്കാല റിപ്പോര്‍ട്ടിന് ഒപ്പമാണ് അന്വേഷണം പൂര്‍ത്തിയ്ക്കാന്‍ കൂടുതല്‍ സമയം സമിതി കോടതിയോട് തേടിയിരിക്കുന്നത്.
ഏഴ് പരിഗണന വിഷയങ്ങളിലാണ് സമിതി അന്വേഷണം നടത്തുന്നത്. പെഗാസസ് ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയോ, ആരുടേയുക്കെ ഫോണുകള്‍ ചോര്‍ത്തി, പെഗാസസ് ഉപയോഗിച്ച് വാട്സ്ആപ്പ് വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട ആരോപണത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോ, കേന്ദ്ര-സംസ്ഥാന ഏജന്‍സികളോ പെഗാസസ് വാങ്ങിയിട്ടുണ്ടോ, പെഗാസസ് ഉപയോഗിച്ചിട്ടുണ്ടങ്കില്‍ ഏത് നിയമം പാലിച്ചാണ്, ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിച്ചുണ്ടെങ്കില്‍ അത് നിയമവിധേയമാണോ തുടങ്ങിയ വിഷയങ്ങളാണ് സമിതി അന്വേഷിക്കുന്നത്.
വ്യക്തികളെ നിരീക്ഷിക്കുമ്പോള്‍ സ്വകാര്യത സംരക്ഷിക്കുന്നതിന് നിലവിലുള്ള നിയമങ്ങള്‍ ശക്തമാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും സുപ്രീം കോടതി സമിതിയോട് നിര്‍ദേശിച്ചിരുന്നു. ജസ്റ്റിസ് ആര്.വി. രവീന്ദ്രന് നേതൃത്വം നല്കുന്ന സമിതിയില്‍ റോ മുന്‍ മേധാവി അലോക് ജോഷി, സൈബര്‍ സുരക്ഷ വിദഗ്ദ്ധന് ഡോ. സുദീപ് ഒബ്രോയ് എന്നിവരാണ് അംഗങ്ങള്‍. ഈ സമിതിക്ക് സാങ്കേതിക ഉപദേശം നല്‍കുന്നതിന് ഡോ. നവീന്‍ കുമാര്‍ ചൗധരി, ഡോ.പി. പ്രഭാകരന്, ഡോ. അശ്വിന് അനില്‍ ഗുമസ്തെ എന്നിവര്‍ അടങ്ങിയ മറ്റൊരു സമിതിക്കും സുപ്രീം കോടതി രൂപം നല്‍കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..