ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഐടി സമിതിയുടെ അധ്യക്ഷ സ്ഥാനത്തുനിന്ന് ശശി തരൂരിനെ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ ബുധനാഴ്ച ലോക്‌സഭാ സ്പീക്കര്‍ക്ക് അവകാശലംഘനത്തിന് നോട്ടീസ് നല്‍കി. ഐ.ടി. സമിതിയുടെ അധ്യക്ഷനെന്ന നിലയില്‍ തരൂര്‍ തന്റെ പദവിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് നോട്ടീസിൽ ദുബെ ആരോപിച്ചു.

ശശി തരൂരിന്റെ വ്യക്തിഗത താത്പര്യത്തിന്റെ പുറത്ത് നടത്തിയ യോഗത്തില്‍ നിന്ന് എല്ലാ ബി.ജെ.പി. എം.പി.മാരും വിട്ടുനിന്നതായി ദുബെ പറഞ്ഞു. 'ലോക്‌സഭ നടക്കുന്ന അതേസമയത്ത് എങ്ങനെയാണ് യോഗം വിളിച്ചു ചേര്‍ക്കാന്‍ കഴിയുക. പാര്‍ലമെന്റ് നല്ലരീതിയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുകയെന്നത് നമ്മുടെ ജോലിയാണ്. ഈ വിഷയം സഭാ സമ്മേളനത്തില്‍ ഞാന്‍ ഉന്നയിച്ചിരുന്നു', ദുബെ കൂട്ടിച്ചേര്‍ത്തു.

"മഹത്തായ ഒരു സമിതിയുടെ ജനാധിപത്യ സ്വഭാവത്തെ അലങ്കോലമാക്കി എന്നതിനു പുറമെ തന്റെ രാഷ്ട്രീയ യജമാനന്മാര്‍ക്ക് പാദസേവ ചെയ്യുക കൂടിയായിരുന്നു ഈ മാന്യദേഹം. ഉറ്റമിത്രമായ ഐ.ടി. സമതി ചെയര്‍മാനെ പോലെയുള്ളവരെ ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ഇഞ്ചിഞ്ചായി നശിപ്പിച്ച് ഭരണം പിടിക്കാമെന്ന മണ്ടന്‍ ധാരണയാണ് അവര്‍ക്കുള്ളത്." നോട്ടീസില്‍ ദുബെ ആരോപിച്ചു.

ശശി തരൂരിനെ തല്‍സ്ഥാനത്തുനിന്ന് നീക്കുന്നതുവരെ സമിതി യോഗങ്ങളില്‍ താന്‍ പങ്കെടുക്കുന്നതല്ലെന്നും ദുബെ പറഞ്ഞു. 
സമിതി അധ്യക്ഷനെന്ന നിലയില്‍ തരൂര്‍ സ്വന്തം നിലയില്‍ അജണ്ടകള്‍ തീരുമാനിക്കുകയും അവ സമിതി അംഗങ്ങളോട് പങ്കുവെക്കുന്നതിനു മുമ്പേ മാധ്യമങ്ങള്‍ക്കു കൈമാറുകയും ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തതായും നോട്ടീസില്‍ ആരോപിക്കുന്നുണ്ട്.

ചൊവ്വാഴ്ച നടന്ന സമിതി യോഗത്തില്‍നിന്ന് ബി.ജെ.പി. എം.പി.മാരായ ദുബെയും രാജ് വര്‍ധന്‍ റാത്തോഡും ഇറങ്ങിപ്പോയിരുന്നു. യോഗത്തിന്റെ അജണ്ട കൃത്യമായി തങ്ങളെ അറിയിച്ചില്ലെന്നും അതുസംബന്ധിച്ച് ഒട്ടേറെ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കിയതായും ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്. 

പെഗാസസ് ഫോണ്‍ചോര്‍ത്തലിനെക്കുറിച്ചും അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനുള്ള സമിതി യോഗത്തിനു ഒരു ദിവസം മുമ്പാണ് ഭരണപക്ഷ അംഗങ്ങളുടെ ഇറങ്ങിപ്പോക്ക്.

Content Highlights: Pegasus row bjp mp Nishikant Dubey moves privilege motion against Tharoor.