ന്യൂഡല്‍ഹി: പെഗാസസ് വിഷയം ഒരു പ്രശ്‌നമേ അല്ലെന്നും ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി. പെഗാസസ് വിവാദത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുന്നത് തുടരുന്നതിനിടെയാണ് പ്രഹ്‌ളാദ് ജോഷിയുടെ പ്രതികരണം. 

ജൂലൈ 19 ന് മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ചതു മുതല്‍ പെഗാസസ് സ്‌പൈവെയര്‍ പ്രശ്‌നം രാഷ്ട്രീയ വിവാദമായിതുടരുകയാണ്. പലപ്പോഴും വാദപ്രതിവാദങ്ങളെത്തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും തടസ്സപ്പെടുകയും ചെയ്തു.

ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇരുസഭകളിലും ഈ വിഷയത്തില്‍ മറുപടി പറഞ്ഞെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ തൃപ്തരല്ല. വ്യക്തമായ ഉത്തരങ്ങളാണ് അവര്‍ ആവശ്യപ്പെടുന്നത്. 

പ്രതിഷേധത്തില്‍ ലോക്‌സഭാ നടപടികള്‍ വീണ്ടും മാറ്റിവെച്ചതിനാല്‍ ചോദ്യോത്തര വേളയില്‍ സഭ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന്  പ്രഹ്ലാദ് ജോഷി പ്രതിഷേധിക്കുന്ന അംഗങ്ങളോട് ആവശ്യപ്പെട്ടു.

പെഗാസസ് വിഷയം ഗുരുതരമായ പ്രശ്‌നമല്ലെന്നാണ് പ്രതിപക്ഷത്തിന്റെ പെരുമാറ്റം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിക്കവേ മന്ത്രി സഭയില്‍ പറഞ്ഞത്.

'ഇന്ത്യയിലെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട  നിരവധി പ്രശ്‌നങ്ങളുണ്ട്. പ്രശ്‌നമല്ലാത്ത, ഗൗരവതരമല്ലാത്ത ഒരു പ്രശ്‌നത്തിന് വേണ്ടിയാണ് പ്രതിഷേധം. ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ചര്‍ച്ചകളില്ലാതെ ബില്ലുകള്‍ പാസാക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ല". അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബഹളത്തിനിടയില്‍ ലോക്‌സഭ നടപടികള്‍ ഇന്നത്തേക്ക് നിര്‍ത്തിവച്ചു.

content highlights: Pegasus Row a 'Non-Issue', says Pralhad Joshi