ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണത്തിന് പ്രഥമദൃഷ്ട്യാ യാതൊരു തെളിവുമില്ലെന്ന് മുന്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സഭയില്‍ പ്രതിഷേധമുണ്ടാക്കി ഇറങ്ങിപോകാന്‍ മാത്രമാണ് പ്രതിപക്ഷ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ല പ്രശ്‌നങ്ങളും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നു. എന്നാല്‍ പെഗാസസ് വിഷയത്തില്‍ രാജ്യസഭയിലെ പ്രസ്താവനയ്ക്കു ശേഷം കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവില്‍ നിന്ന് വിശദീകരണം തേടാനുള്ള അവസരം പോലും പ്രതിപക്ഷം മറന്നു. പ്രതിപക്ഷം കേന്ദ്രമന്ത്രിയുടെ പ്രസ്താവന വലിച്ചുകീറുകയാണുണ്ടായതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

കേന്ദ്രസര്‍ക്കാര്‍ ഫോണ്‍ കോളുകള്‍ നിരീക്ഷിച്ചിരുവെന്നതിന് പ്രഥമ ദൃഷ്ട്യാ തെളുവുകളുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സുപ്രീംകോടതി റിട്ട. ജസ്റ്റിസും ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷനുമായ അരുണ്‍ മിശ്ര ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പറും പെഗാസസ് പട്ടികയിലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ 2014-ല്‍  സറണ്ടര്‍ ചെയ്ത നമ്പറാണിതെന്ന് അരുണ്‍ മിശ്ര തന്നെ പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഫോണ്‍ ചോര്‍ത്തലിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടോയെന്ന് അദ്ദേഹം ചോദിച്ചത്. 

യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബിജെപിയും പാര്‍ലമെന്റ് തടസപ്പെടുത്തിയിരുന്നല്ലോ എന്ന ചോദ്യത്തിന് 2ജി സ്‌പെക്ട്രം, കല്‍ക്കരി ഖനനം എന്നിവയുടെ ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ ആ സര്‍ക്കാര്‍ നിഷേധിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 2ജി സ്‌പെക്ട്രം അനുമതി സുപ്രീം കോടതി റദ്ദാക്കി. നിലവില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ രാജ്യസഭയും ലോക്‌സഭയും തുടര്‍ച്ചയായി തടസപ്പെട്ടതിലൂടെ 130 കോടി രൂപയോളം ഖജനാവിന് നഷ്ടമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

content highlights: Pegasus issue: 'Is there any prima facie evidence that phones were hacked,' asks Ravi Shankar Prasad