ന്യൂഡല്‍ഹി: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുകയാണ്. വിരമിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 40ല്‍പ്പരം ആളുകളുടെ വിവരങ്ങള്‍ പെഗാസസ് ഉപയോഗിച്ച് ചോര്‍ത്തിയെന്നാണ് ആരോപണം ഉയര്‍ന്നത്. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റിലുള്‍പ്പെടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ വഴങ്ങിയിരുന്നില്ല. ഇതിലാണ് ഇപ്പോള്‍ സുപ്രീം കോടതിയുടെ നിര്‍ണായകമായ ഉത്തരവുണ്ടായിരിക്കുന്നത്. എന്തായിരുന്നു പെഗാസസ് വിഷയത്തില്‍ നാള്‍വഴികളെന്ന് പരിശോധിക്കാം.

ഒരു അന്താരാഷ്ട്ര മാധ്യമം നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി കടുത്ത അഭ്യൂഹമുണ്ടെന്ന് രാജ്യസഭാ എം.പി. സുബ്രഹ്മണ്യന്‍ സ്വാമി. മോദി മന്ത്രിസഭയിലെ മന്ത്രിമാര്‍, ആര്‍എസ്എസ് നേതാക്കള്‍, സുപ്രീം കോടതി ജഡ്ജിമാര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തുന്നതായാണ് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞത്.

2021 ജൂലായ് 18ന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദി വയര്‍ പുറത്തുവിട്ടു. വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള 16 അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേര്‍ന്നാണ് ദി വയര്‍ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചോര്‍ത്തല്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2018-2019 കാലഘട്ടത്തിലാണ് ചോര്‍ത്തല്‍ നടന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സര്‍ക്കാരുകള്‍ക്ക് മാത്രമാണ് സോഫ്റ്റ്‌വെയര്‍ വില്‍ക്കുന്നതെന്ന് എന്‍.എസ്.ഒ ഗ്രൂപ്പിന്റെ പ്രതികരണം. ഇന്ത്യയിലെ ഉപയോക്താക്കളെ പുറത്ത് വിടാന്‍ തയ്യാറായില്ല.

മാധ്യമപ്രവര്‍ത്തകര്‍, രണ്ട് കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ഉള്‍പ്പെടെ 300 വ്യക്തികളുടെ ഫോണ്‍ ചോര്‍ത്തിയെന്ന് പിന്നീട് കണ്ടെത്തല്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് വിവരം പുറത്തുവരുന്നു. 

തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, മമത ബാനര്‍ജിയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജി, കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്, പ്രവീണ്‍ തൊഗാഡിയ  തുടങ്ങിയവരുടെ ഫോണുകളും ചോര്‍ത്തിയെന്ന് റിപ്പോര്‍ട്ട്.

കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്ത്. വര്‍ഷകാല സമ്മേളനത്തില്‍ ഈ വിഷയം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉയര്‍ന്നു വന്നു. അന്വേഷണം വേണമെന്ന് ആവശ്യവുമായി പ്രതിപക്ഷ പ്രതിഷേധം

ചോര്‍ത്തല്‍ നടന്നിട്ടില്ലെന്നും വിവാദം അനാവശ്യമെന്നും കേന്ദ്രത്തിന്റെ പ്രതികരണം. ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പ്രസ്താവന നടത്തി. ഇന്ത്യന്‍ ജനാധിപത്യത്തേയും വികസനത്തേയും അസ്ഥിരപ്പെടുത്താനുള്ള ശ്രമമെന്ന് കേന്ദ്രം.

അമിത് ഷായും മോദിയും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്ത്. ബിജെപിക്കും പ്രധാനമന്ത്രിക്കും ഒരു ബന്ധവുമില്ലാത്ത വിഷയമെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഉള്‍പ്പെടെ 14 രാഷ്ട്രത്തലവന്‍മാരുടെ ഫോണ്‍ ചോര്‍ത്തിയെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട്.

എന്‍.എസ്.ഒ ഗ്രൂപ്പിനെ കുറിച്ച് ഇസ്രായേലി പ്രതിരോധ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും അന്വേഷണം പ്രഖ്യാപിച്ചു.

പെഗാസസില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജികള്‍ മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ്, അഡ്വ. എം.എല്‍. ശര്‍മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ പരസ്യമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതിയില്‍. വിദഗ്ധ സമിതിയാകാമെന്നും കേന്ദ്രം. കാര്യങ്ങള്‍ വിദഗ്ധ സമിതിയോട് പറയാമെന്നും കേന്ദ്രം.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് പെഗാസസ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി

പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് പരസ്യമായി പുറത്ത് പറയാന്‍ കഴിയില്ലെന്ന് കേന്ദ്രം കോടതയില്‍

ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സുപ്രീം കോടതി

Content Highlights: pegasus issue as it happened till date