Photo: AFP
ന്യൂഡല്‍ഹി: പെഗാസസ് വിഷയത്തില്‍ സുപ്രീം കോടതി ചുമതലപ്പെടുത്തിയ സമിതിയുടെ അന്വേഷണം പുരോഗമിക്കുകയാണെന്നും സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍. പെഗാസസുമായി ബന്ധപ്പെട്ട പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.
'വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി നിയോഗിച്ച സമിതി വിഷയം സൂക്ഷ്മമായി പരിശോധിച്ച് വരികയാണ്. സമിതിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുന്നു.'- കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്തു.
ഇസ്രായേലി ചാര സോഫ്റ്റ്വെയറായ പെഗാസസ് 2017ല്‍ ഒരു പ്രതിരോധ ഇടപാടിന്റെ ഭാഗമായി ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വീണ്ടും പെഗാസസ് ചര്‍ച്ചയായത്. രണ്ട് ബില്യണ്‍ ഡോളറിന്റെ ഈ ഇടപാടിലെ പ്രധാന ആകര്ഷണങ്ങള് പെഗാസസ് സോഫ്റ്റ്വെയറും ഒരു മിസൈല്‍ സംവിധാനവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. വിഷയം പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും വ്യക്തമാക്കി. പിന്നാലെയാണ് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളില്‍നിന്നുള്ള പ്രതികരണം ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടത്.
Content Highlights: Pegasus 'deal': SC panel monitoring matter, report awaited says govt source
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..