ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍/ നിരീക്ഷണ വിഷയത്തില്‍ പുതിയ വെളിപ്പെടുത്തല്‍. സി.ബി.ഐ. മുന്‍മേധാവി അലോക് കുമാര്‍ വര്‍മയുടെ ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. 

സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്ക് പിന്നാലെ അലോക് വര്‍മയുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് നിരീക്ഷിക്കാന്‍ ആരംഭിച്ചതായി ദ വയറിന്റെ റിപ്പോര്‍ട്ട് പറയുന്നു. 

2018 ഒക്ടബോര്‍ 23-നാണ് സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് അലോക് വര്‍മയെ നീക്കിയത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിക്കുകയായിരുന്നു. സര്‍വീസ് അവസാനിപ്പിക്കാന്‍ മൂന്നുമാസം കൂടി ഉണ്ടായിരിക്കേയാണ് അലോകിനെ സ്ഥാനത്തുനിന്ന് നീക്കിയത്. 

അലോക് വര്‍മയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്നു നമ്പറുകള്‍ നിരീക്ഷണത്തിനോ ചോര്‍ത്തലിനോ വിധേയമായിട്ടുണ്ടെന്നാണ് പുറത്തെത്തുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പക്കുന്നത്. അലോക് വര്‍മയെ കൂടാതെ അദ്ദേഹത്തിന്റെ ഭാര്യയുടെയും മകളുടെയും മകളുടെ ഭര്‍ത്താവിന്റെയും സ്വകാര്യ ടെലഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കപ്പെട്ടിരുന്നു എന്നാണ് വിവരം. അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ട എട്ട് നമ്പരുകളാണ് നിരീക്ഷണത്തിന് വിധേയമായത്.

അന്ന് സി.ബി.ഐ. തലപ്പത്തുണ്ടായിരുന്ന രാകേഷ് അസ്താനയുടെയും എ.കെ. ശര്‍മയുടെയും നമ്പറുകളും നിരീക്ഷണ പട്ടികയില്‍ ഉണ്ടായിരുന്നു. നിലവില്‍ സി.ആര്‍.പി.എഫ്. മേധാവിയാണ് അസ്താന. ഇക്കൊല്ലം ആദ്യമാണ് ശര്‍മ സി.ബി.ഐയില്‍നിന്ന് വിരമിച്ചത്. 

content highlights: pegasus: cbi former chief alok varma's number also in the list