ന്യൂഡല്‍ഹി: പെഗാസസ് വിവാദത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍ പുറത്ത്. അനില്‍ അംബാനി അടക്കമുള്ളവര്‍ ഉപയോഗിച്ചിരുന്ന ഫോണുകളും ചോര്‍ത്തിയിരുന്നു എന്നാണ് വെളിപ്പെടുത്തല്‍. അനില്‍ അംബാനിക്ക് പുറമെ അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും 'ദി വയര്‍' റിപ്പോര്‍ട്ടു ചെയ്തു. 

റഫാല്‍ കരാര്‍ അടക്കമുള്ളവയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് സുപ്രധാന വെളിപ്പെടുത്തല്‍. റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തി. റഫാല്‍ കരാറിനെ ശക്തമായ ന്യായീകരിച്ച് രംഗത്തെത്തിയതിലൂടെ മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ് പോസിന.

അനില്‍ അംബാനി നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നിരീക്ഷിക്കപ്പെട്ടവയുടെ പട്ടികയില്‍ ഉണ്ടോ എന്നകാര്യം വ്യക്തമല്ല. സാബ് ഇന്ത്യയുടെ മുന്‍ തലവന്‍ ഇന്ദ്രജിത്ത് സിയല്‍, ബോയിങ് ഇന്ത്യ മേധാവി പ്രത്യുഷ് കുമാര്‍ എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 2018 നും 19 നും ഇടയില്‍ വിവിധ കാലഘട്ടങ്ങളിലാണ് ഇവരുടെ ഫോണുകള്‍ ചോര്‍ത്തിയത്.

Content Highlights: Pegasus: Anil Ambani and Dessault rep in the list