ഷജപുര്‍ (മധ്യപ്രദേശ്): ആശുപത്രി ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൃദ്ധനായ രോഗിയെ ആശുപത്രി കട്ടിലില്‍ കെട്ടിയിട്ട സംഭവത്തില്‍ ആശുപത്രിക്കെതിരെ നടപടി. മധ്യപ്രദേശ് ഷജപുരിലെ സ്വകാര്യ ആശുപത്രി ജില്ലാ ഭരണകൂടം അടപ്പിച്ചു. 

ആശുപത്രി മാനേജര്‍ക്കെതിരെ ഐപിസി 342 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി ഷജാപുര്‍ പോലീസ് സൂപ്രണ്ട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു. 

രാജ്ഗഡ് ജില്ലയ്ക്കടുത്ത് റണേഡ ഗ്രാമത്തില്‍ നിന്നുള്ളയാളെയാണ് തുകയടയ്ക്കാത്തതിന്റെ പേരില്‍ കട്ടിലില്‍ കെട്ടിയിട്ടത്. ഇയാളെ വീട്ടിലേക്കു കൊണ്ടുപോകാന്‍ മകളെ അനുവദിച്ചില്ല. 

അതിദാരുണമായ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരെയും വെറുതേ വിടില്ലെന്ന് മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ട്വീറ്റുചെയ്തു. അന്വേഷണത്തിനും ശക്തമായ നടപടിക്കും അദ്ദേഹം ഉത്തരവിട്ടു. അതേസമയം, സംഭവത്തില്‍ വാസ്തവമില്ലെന്നും രോഗിയെ തുകയൊടുക്കാതെയാണ് ആശുപത്രിയില്‍നിന്ന് വിട്ടയച്ചതെന്നുമാണ് ആശുപത്രിയധികൃതര്‍ സംഭവത്തില്‍ പ്രതികരിച്ചത്.

Content Highlights: Patient allegedly tied for non-payment of dues, Shajapur hospital sealed