ന്യൂഡല്‍ഹി: കോവിഡ് രോഗം സുഖപ്പെടുത്തുമെന്ന് അവകാശപ്പെട്ട് യോഗ ഗുരു രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിന് മരുന്ന് വില്‍പ്പന നടത്താനാകില്ലെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം. കോവിഡ് 19 രോഗത്തെപ്പറ്റി മരുന്നിന്റെ ലേബലില്‍പോലും അവകാശവാദം ഉന്നയിക്കാനാവില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ദിവ്യ കോറോണില്‍ ടാബ്ലെറ്റ് അടക്കമുള്ളവയുടെ പാക്കേജിലോ ലേബലിലോ കോവിഡ് രോഗം ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിക്കാന്‍ പാടില്ലെന്ന് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റിക്ക് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ഡ്രഗ് പോളിസി വിഭാഗം അയച്ച ഇ-മെയിലില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡ്രഗ്സ് ആന്‍ഡ് മാജിക് റെമഡീസ് ആക്ടിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് മാത്രമെ മരുന്നിന്റെ പരസ്യങ്ങളും മറ്റു പ്രചാരണ പ്രവര്‍ത്തനങ്ങളും പാടുള്ളൂ.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നെന്ന നിലയില്‍ മാത്രമാണ് കോറോണിലിന് ഉത്തരാഖണ്ഡ് ആയുഷ് മന്ത്രാലയം അംഗീകാരവും ലൈസന്‍സും പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയത്. വൈറസ് ബാധ ഭേദമാക്കുമെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ലെന്ന് പതഞ്ജലി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് ഡ്രഗ് ലൈസന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വൈറസിന്റെ പ്രതീകാത്മക ചിത്രംപോലും മരുന്നിന്റെ ലേബലില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പതഞ്ജലിയുടെ അവകാശവാദം. എന്നാല്‍ കോറോണിലിന്റെ ലേബലില്‍ വൈറസിന്റെ പ്രതീകാത്മക ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പതഞ്ജലിയുടെ നിര്‍മാണശാലയില്‍ പരിശോധന നടത്തിയ ഉത്തരാഖണ്ഡിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ലേബലിലെ പ്രതീകാത്മക ചിത്രവും അവകാശവാദവും പിന്‍വലിക്കണമെന്ന് പതഞ്ജലിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദേശം പാലിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷമെ അന്തിമ അനുമതി നല്‍കൂവെന്നും ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഹരിദ്വാര്‍ ആസ്ഥാനമായ കമ്പനി കഴിഞ്ഞയാഴ്ചയാണ് കോറോണില്‍ അവതരിപ്പിച്ചത്. കോവിഡ് 19 രോഗം ഭേദമാക്കും എന്നായിരുന്നു അവകാശവാദം. ഏഴ് ദിവസം നടത്തിയ പരീക്ഷണത്തിനിടെ പതഞ്ജലിയുടെ മറ്റൊരു ഔഷധത്തിനൊപ്പം ഈ മരുന്ന് കഴിച്ച എല്ലാ കോവിഡ് ബാധിതര്‍ക്കും രോഗം ഭേദമായെന്നും അവര്‍ അവകാശപ്പെട്ടിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജയ്പുര്‍ ആസ്ഥാനമായ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരീക്ഷണം നടത്തിയത്.
എന്നാല്‍, മരുന്നിന്റെ പരസ്യം ഇതുവരെ നല്‍കിയിട്ടില്ലെന്ന് പതഞ്ജലി സിഇഒ ആചാര്യ ബാലകൃഷ്ണ ചൊവ്വാഴ്ച പറഞ്ഞിരുന്നു. കോവിഡ് രോഗം സുഖപ്പെടുത്തുമെന്നോ നിയന്ത്രിക്കുമെന്നോ തങ്ങള്‍ ഇതുവരെ അവകാശവാദം ഉന്നയിച്ചിട്ടില്ല. നിയന്ത്രിത സാഹചര്യത്തില്‍ കൊറോണ വൈറസ് ബാധികര്ക്കിടയില് നടത്തിയ പരീക്ഷണത്തിനിടെ രോഗികള്‍ക്ക് അസുഖം ഭേദപ്പെട്ടുവെന്ന് മാത്രമാണ് അവകാശപ്പെട്ടത്. അക്കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മരുന്ന് അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കകം മരുന്നിന്റെ ചേരുവകളുടെയും ഇതിനുവേണ്ടി നടത്തിയ ഗവേഷണത്തിന്റെയും വിശദാംശങ്ങള്‍ അറിയിക്കണമെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം പതഞ്ജലിയോട് നിര്‍ദ്ദേശിച്ചിരുന്നു. പരിശോധന പൂര്‍ത്തിയാകുംവരെ മരുന്നിന്റെ പരസ്യം നല്‍കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. അതിനിടെ, ചുമയ്ക്കും പനിക്കും ഉപയോഗിക്കാന്‍ കഴിയുന്ന രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള മരുന്ന് നിര്‍മ്മിക്കാനുള്ള അനുമതി മാത്രമാണ് കമ്പനി ചോദിച്ചിരുന്നതെന്ന് ഉത്തരാഖണ്ഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Patanjali can't sell Coronil with claims of curing COVID 19 - Ayush Ministry
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..