ന്യൂഡല്‍ഹി: നിഷ്ക്രിയ ദയാവധത്തിന് (പാസിവ് യുത്തനേസിയ) ഉപാധികളോടെ അനുമതി നല്കി സുപ്രീംകോടതി ഉത്തരവ്. ഇത് സംബന്ധിച്ച് സന്നദ്ധ സംഘടന നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
അസുഖം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരാനാവാത്ത അവസ്ഥയുണ്ടാവുമ്പോള്‍ ദയാവധം അനുവദിക്കണം എന്ന് കാട്ടി ഒരാള്‍ക്ക് മുന്‍കൂട്ടി മരണപത്രം എഴുതിവെക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. രോഗിയുടെ നേരത്തേയുള്ള സമ്മതപത്രം (ലിവിങ് വില്‍)ഉണ്ടെങ്കില്‍ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ദയാവധം അനുവദിക്കുന്നത് പരിഗണിക്കാം.
നല്ല ആരോഗ്യാവസ്ഥയില്‍ ജീവിക്കുന്ന ഒരാള്‍ക്ക് ഒരിക്കലും ദയാവധം ആവശ്യപ്പെടാന്‍ ആകില്ലെന്നും മാന്യമായി ജീവിക്കാനുള്ള അവകാശം പോലെ മാന്യമായി മരിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരിച്ചുവരാനാവാത്തവിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് ബോധപൂര്‍വം മരിക്കാന്‍ വിടുന്നതാണ് നിഷ്ക്രിയ ദയാവധം (പാസിവ് യുത്തനേസിയ) കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.
കൃത്യമായ മാര്‍ഗ നിര്‍ദേശത്തോടെയാണ് ദയാവധത്തിന് സുപ്രീംകോടതി അനുമതി നല്‍കിയത്. അതായത് ഒരു മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. സമ്മതം പത്രം എഴുതിവെച്ച ആളിന്റെ ബന്ധു ദയാവധം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കണം. തീരുമാനമെടുക്കാന്‍ ഹൈക്കോടതി ജില്ലാ മജിസ്ട്രേറ്റിനെ നിയോഗിക്കും. ജില്ലാ മജിസ്ട്രേറ്റ് ഒരു മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കണം. ഈ മെഡിക്കല്‍ ബോര്‍ഡായിരിക്കണം ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും മാര്‍ഗ നിര്‍ദേശത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട് എന്നത് പോലെ അന്തസ്സോടെ മരിക്കാനുമുള്ള അവകാശവുമുണ്ടെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെ ഒരാള്‍ ജീവിക്കണമെന്ന് എങ്ങനെ നിര്‍ബന്ധിക്കാന്‍ കഴിയുമെന്നും സന്നദ്ധ സംഘടന ഹര്‍ജിയില്‍ ചോദിച്ചു.
ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ തീരുമാനമെടുക്കുന്നത് 2014-ലാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടത്. ഉപകരണങ്ങളുടെ സഹായത്തോടെ ജീവന് നിലനിര്‍ത്തുന്നവരെയും ഭേദപ്പെടുത്താനാവാത്ത വിധത്തില്‍ രോഗബാധിതരായവരെ പോലും ദയാവധത്തിനു അനുവദിക്കാനാവില്ലെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയില്‍ പൊരുത്തക്കേടുകളുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് അന്നത്തെ ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിനു കൈമാറിയത്.
നെതര്‍ലന്‍ഡ്, ബെല്‍ജിയം, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഇപ്പോള്‍ ദയാവധം നിലനില്‍ക്കുന്നത്.
content highlight: Supreme Court Recognises Right to Die With Dignity,passive Euthanasia