ഹൈദരാബാദ്: സാങ്കേതികത്തകരാറ് കാരണം ഹൈദരബാദിലെ നാഗോള്‍-ഹൈടെക്ക് സിറ്റി റൂട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരം മെട്രോ ട്രെയിന്‍ സര്‍വീസ് മുടങ്ങിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി.  യാത്രക്കാരെ എമര്‍ജന്‍സി വാതിലിലൂടെ ട്രെയിനില്‍ നിന്ന് പുറത്തിറക്കി. തുടര്‍ന്ന്‌ അമീര്‍പേട്ട് സ്‌റ്റേഷനിലേക്ക് യാത്രക്കാര്‍ മെട്രോ പാളത്തിലൂടെ നടക്കേണ്ടി വരികയും ചെയ്തു. 

ട്രെയിനിലേക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഊര്‍ജം ലഭ്യമാക്കുന്ന പാന്റോഗ്രാഫ് ലൈനില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ്‌ ഗതാഗതം തടസപ്പെട്ടതെന്ന് ഹൈദരാബാദ് മെട്രോ റെയില്‍ ലിമിറ്റഡ് എംഡി എന്‍വിഎസ് റെഡ്ഡി അറിയിച്ചു. നിയന്ത്രിതമായി മെട്രോ ഗതാഗതം പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു. വൈകുന്നേരം ആറര മുതല്‍ മൂന്ന് മണിക്കൂര്‍ പൂര്‍ണമായും ഗതാഗതം തടസ്സപ്പെട്ടിരുന്നു. 

ട്രെയിന്‍ വലിയ കുലുക്കത്തോടെ പെട്ടെന്ന് നില്‍ക്കുകയായിരുന്നുവെന്ന് യാത്രക്കാരനായ പ്രതാപ് സിംഗരായ പറഞ്ഞു. ബേഗംപേട്ട് സ്റ്റേഷനില്‍ നിന്ന് യാത്രയാരംഭിച്ച് പതിനഞ്ച് മിനിറ്റിന് ശേഷമാണ് സാങ്കേതികത്തകരാറിനെ തുടര്‍ന്ന് ട്രെയിന്‍ യാത്ര അവസാനിപ്പിക്കുകയാണെന്നും യാത്രക്കാര്‍ എമര്‍ജന്‍സി വാതിലിനരികിലേക്ക് നീങ്ങണമെന്നുമുള്ള അറിയിപ്പ് വന്നതെന്നും പ്രതാപ് സിംഗരായ കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ഹൈദരാബാദ് മെട്രോ സര്‍വീസില്‍ നാലാമത്തെ തവണയാണ് തകരാര്‍ സംഭവിക്കുന്നത്. മെട്രോ ജീവനക്കാര്‍ മികച്ച രീതിയില്‍ സാഹചര്യത്തെ കൈകാര്യം ചെയ്തതായും യാത്രക്കാരെ ട്രെയിനില്‍ നിന്നിറങ്ങാന്‍ സഹായിച്ചതായും മറ്റൊരു യാത്രക്കാരനായ സിരീഷ് മാര്‍ഷല്‍ പറഞ്ഞു. 

 

Content Highlights: Passengers walk as metro train stops due to technical issues in Hyderabad