ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടത്തിന്റെ ദൃശ്യങ്ങൾ | Photo:AFP
ഭുവനേശ്വർ: ഇന്ത്യൻ റെയിൽവേയുടെ ഏറ്റവും പ്രധാനപ്പെട്ട സൂപ്പർഫാസ്റ്റ് തീവണ്ടികളിലൊന്നാണ് കോറമണ്ഡൽ എക്സ്പ്രസ്. രാജ്യത്തെ ആദ്യ സൂപ്പർഫാസ്റ്റ് തീവണ്ടികളിലൊന്നാണിത്. മറ്റ് പല ട്രെയിനുകളെയും അപേക്ഷിച്ച് വേഗത്തിൽ ബംഗാളില്‍ നിന്ന് നിന്നും ചെന്നെെയിലേക്കെത്താൻ സാധിക്കുമെന്നതാണ് ട്രെയിനിനെ യാത്രക്കാർക്ക് പ്രിയപ്പെട്ടതാക്കുന്നത്. ബംഗാളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുളള യാത്രക്ക് മലയാളികളും കോറമണ്ഡലിനെ ആശ്രയിക്കുന്നുണ്ട്.
ചെന്നൈ മെയിലിനെക്കാൾ നേരത്തേ എത്തുമെന്നതാണ് കോറമണ്ഡലിനെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. ദെെനംദിന സർവീസ് നടത്തുന്ന 12841/12842 എക്സ്പ്രസുകളിൽ(അങ്ങോട്ടും ഇങ്ങോട്ടും) ടിക്കറ്റ് ലഭിക്കാൻ ഏറെ പ്രയാസമാണ്. പശ്ചിമബംഗാളിലെ ഹൗറയിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് ചെന്നൈയിലെ എം.ജി.ആർ. സെൻട്രൽ സ്റ്റേഷൻവരെയാണ് റൂട്ട്. വൈകീട്ട് 3.20-ന് ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം വെെകീട്ട് 4.50 ന് ചെന്നെെയിലെത്തുന്ന രീതിയിലാണ് 12841 ഷാലിമാർ-ചെന്നെെ ട്രെയിനിന്റെ ഷെഡ്യൂൾ. അതേസമയം ചെന്നൈയില്‍ നിന്ന് രാവിലെ ഏഴ് മണിക്ക് തിരിച്ച് അടുത്ത ദിവസം രാവിലെ 10.40-ന് ഷാലിമാറില്‍ എത്തുന്ന രീതിയിലാണ് ചെന്നൈ-ഷാലിമാര്‍ 12842 ട്രെയിനിന്റെ ഷെഡ്യൂള്‍. മണിക്കൂറിൽ 130 കിലോമീറ്ററാണ് പരമാവധി വേഗം.
ബംഗാളിൽ നിന്ന് തമിഴ്നാട്ടിലേക്കും കേരളത്തിലേക്കും യാത്ര ചെയ്യുന്ന തൊഴിലാളികൾ ഏറെ ആശ്രയിക്കുന്ന തീവണ്ടിയാണ് കോറമണ്ഡൽ എക്സ്പ്രസ്. ജനറൽ, സ്ലീപ്പർ ബോഗികളിൽ റിസര്‍വേഷന്‍ ചെയ്തതിലും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് ട്രെയിനിൽ സ്ഥിരം കാഴ്ചയാണ്. അത്രയധികം യാത്രക്കാരുമായിട്ടാണ് തീവണ്ടി സർവീസ് നടത്തുന്നത്.
1977-ലാണ് കോറമണ്ഡൽ എക്സ്പ്രസ് ഇന്ത്യൻ റെയിൽവേസ് അവതരിപ്പിക്കുന്നത്. ഈ റൂട്ടിൽ സഞ്ചരിക്കുന്ന മറ്റ് തീവണ്ടികളേക്കാൾ മുൻഗണന ലഭിക്കുന്ന വണ്ടികളിലൊന്നാണ് കോറമണ്ഡൽ എക്സ്പ്രസ്. 2002 മാർച്ച് 15-നാണ് ഹൗറ-ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ആദ്യമായി അപകടത്തില്‍പ്പെടുന്നത്. അന്ന് നെല്ലൂരിൽ വച്ച് തീവണ്ടിയുടെ ഏഴോളം ബോഗികൾ പാളം തെറ്റിയുണ്ടായ അപകടത്തിൽ നൂറിലധികം പേർക്ക് പരിക്കേറ്റിരുന്നു. റെയിൽപാളത്തിന്റെ മോശം അവസ്ഥയാണ് അപകടകാരണമായി അന്ന് ചൂണ്ടിക്കാട്ടിയിരുന്നത്.
ഇതിന് ശേഷം 2009-ലും കോറമണ്ഡൽ എക്സ്പ്രസ് അപകടത്തിൽപ്പെട്ടു. 2009 ഫെബ്രുവരി 13-നുണ്ടായ അപകടത്തിൽ 15 പേർക്ക് ജീവഹാനിയുണ്ടായി. ട്രെയിൻ ജാജ്പൂർ റോഡ് റെയിൽവേ സ്റ്റേഷൻ കടന്ന് അതിവേഗത്തിൽ ട്രാക്ക് മാറുന്നതിനിടെയായിരുന്നു അപകടം. 2009-ലെ അപകടവും ഒരു വെള്ളിയാഴ്ച വെെകീട്ട് 7.30-നായിരുന്നു.
എന്നാൽ ഇന്നലെ വെെകുന്നേരം ഒഡിഷയിലെ ബാലസോർ ജില്ലയിലുണ്ടായ ട്രെയിനപകടം രാജ്യത്തെ തന്നെ ഇന്നോളം ഉണ്ടായതില്‍ വച്ച് ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണ്. അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 288 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.
Content Highlights: Passengers also lost their lives in Coromandel Express on Friday in 2009
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..