മുംബൈ: മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വിമാനത്തിന്റെ കോക്പിറ്റില്‍ അതിക്രമിച്ച് കയറിയ യാത്രക്കാരനെ വിമാനത്തില്‍ നിന്ന്‌ ഇറക്കിവിട്ടു. മുംബൈ വിമാനത്താവളത്തില്‍ മുംബൈ-കൊല്‍ക്കത്ത ഇന്‍ഡിഗോ വിമാനത്തിലാണ്‌ സംഭവം. ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.

വിമാനം പുറപ്പെടാനായി ഒരുങ്ങുമ്പോഴാണ്‌ സംഭവം. യാത്രക്കാരന്‍ കോക്പിറ്റിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിക്കവെ വിമാനത്തിലെ ജീവനക്കാര്‍ ഇയാളെ കീഴടക്കി. തന്റെ മൊബൈല്‍ ചാര്‍ജ് ചെയ്യാനാണ് താന്‍ കോക്പിറ്റില്‍ കയറാന്‍ ശ്രമിച്ചതെന്ന് ഇയാള്‍ ജീവനക്കാരോട് വ്യക്തമാക്കി.

സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് ഇയാളെ ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. സുരക്ഷാ കാരണങ്ങളാല്‍ യാത്രക്കാര്‍ വിമാനത്തിന്റെ കോക്പിറ്റില്‍ കയറുന്നത് നിരോധിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് പാട്‌നയിലേക്കുള്ള ഗോവ എയര്‍ വിമാനത്തില്‍ യാത്രക്കിടെ യാത്രക്കാരന്‍ പിന്‍ഭാഗത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചിരുന്നു. മറ്റൊരു യാത്രക്കാരന്‍ അപായ ശബ്ദം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് ഇയാളെ വിമാന ജീവനക്കാര്‍ പിടികൂടുകയായിരുന്നു.

Content Highlights: Passenger Tried To Enter Cockpit To Charge Phone