ന്യൂഡൽഹി: വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പ് കോവിഡ് പോസിറ്റീവാണെന്ന് വെളിപ്പെടുത്തി യാത്രക്കാരന്‍. പൈലറ്റ് വിവരമറിയിച്ചതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ വിമാനം തിരിച്ചുവിളിച്ചു. 

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്ന് പുനെയിലേക്ക് ടേക്ക് ഓഫിനൊരുങ്ങിയ ഇന്‍ഡിഗോ 6ഇ-286 വിമാനത്തിലെ യാത്രക്കാരനാണ് ടേക്കോഫിന് തൊട്ടമുമ്പ് വിമാനജീവനക്കാരേയും യാത്രക്കാരേയും ഒരുപോലെ ഞെട്ടിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കോവിഡ് പോസിറ്റീവാണെന്ന് തെളിയിക്കുന്ന രേഖകളും ഇയാള്‍ കാബിന്‍ ക്രൂവിന് കൈമാറി. പൈലറ്റ് വിവരം വിമാനത്തവാളത്തിലെ കണ്‍ട്രോളറെ അറിയിക്കുകയായിരുന്നു. 

കോവിഡ് പോസിറ്റീവ് ആയ യാത്രക്കാരന്‍ ഇരുന്നിരുന്ന സീറ്റ് ഉള്‍പ്പെടുന്ന ശ്രേണിയുള്‍പ്പടെ മൂന്നുവരികളിലെ സീറ്റുകളിലെ യാത്രക്കാരെ ആദ്യം പുറത്തിറക്കിയതിന് ശേഷമാണ് ഇയാളെ പുറത്തിറക്കിയത്. യാത്രക്കാരനെ ദക്ഷിണ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തുടര്‍ന്ന് സീറ്റുകള്‍ അണുവിമുക്തമാക്കുകയും സീറ്റ് കവറുകള്‍ മാറ്റുകയും ചെയ്തതിന് ശേഷമാണ് വിമാനം വീണ്ടും ടേക്ക് ഓഫിന് തയ്യാറായത്.  വിമാനം അണുവിമുക്തമാക്കുന്ന നടപടികള്‍ ഉള്‍പ്പെടെ പൂര്‍ത്തിയാകുന്നത് വരെ മറ്റുയാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നെങ്കിലും യാത്രക്കാര്‍ക്കാവശ്യമായ വെളളവും മറ്റുപാനീയങ്ങളും വിമാനക്കമ്പനി നല്‍കിയെന്നും തങ്ങള്‍ തൃപ്തരാണെന്നും യാത്രക്കാര്‍ അറിയിച്ചു. ഇവര്‍ക്ക് പിപിഇ കിറ്റും വിമാനക്കമ്പനി നല്‍കി. 

 

Content Highlights: passenger on the Indigo flight announced that he is Covid 19 positive just before the take off