ജയ്പൂര്‍: വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയതിന് യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു. ജയ്പൂര്‍ വിമാനത്താവളത്തിലാണ് യാത്രക്കാരന്‍ ബോംബ് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ ബോംബൊന്നും ഇയാളില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ജയ് പ്രകാശ് ചൗധരി (40)എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 

ഇൻഡിഗോ വിമാനത്തില്‍ ഡൽഹിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്വാതന്ത്ര്യ ദിനത്തിലെ ഭീകരാക്രമണ ഭീഷണി കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയിരുന്നു. രണ്ടാംഘട്ട സുരക്ഷാ പരിശോധനയാണ് ഇയാളെ പ്രകോപിപ്പിച്ചത്. സുരക്ഷാ പരിശോധനയ്ക്ക് തയ്യാറാവാതിരുന്ന ജയ് പ്രകാശ് സുരക്ഷാ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് ഇയാള്‍ തന്റെ ബാഗില്‍ ബോംബ് ഉണ്ടെന്ന് വിളിച്ചുകൂവുകയായിരുന്നു.

ഇതിനെ തുടര്‍ന്ന് മറ്റ് യാത്രക്കാര്‍ പരിഭ്രാന്തിയിലായി. സുരക്ഷാ ജീവനക്കാര്‍ ഉടന്‍ തന്നെ ഇയാളെ കീഴടക്കി പോലീസിന് കൈമാറി. തുടര്‍ന്ന് നടന്ന പരിശോധനയില്‍ ഇയാളില്‍ ബോംബ് ഇല്ലെന്ന് സ്ഥിരീകരിച്ചു. ഇതെത്തുടര്‍ന്ന് ഡല്‍ഹി വിമാനം അര മണിക്കൂര്‍ വൈകിയാണ് പുറപ്പെട്ടത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി. ജയ്പൂര്‍ വിമാനത്താവളത്തിൽ കഴിഞ്ഞ വര്‍ഷവും വ്യാജ ബോംബ് ഭീഷണികള്‍ ഉണ്ടായിരുന്നു.

content highlights: passenger causes bomb scare at Jaipur airport