സുശീൽ ചന്ദ്ര| Photo: ANI
ലഖ്‌നൗ: കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പാക്കി, യു.പി. നിയമസഭാ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തന്നെ നടത്തണമെന്ന് സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര. ഇതോടെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ യു.പി. തിരഞ്ഞെടുപ്പ് നീട്ടിവെക്കാനുള്ള സാധ്യതകള്‍ അവസാനിച്ചു.
ഭരണകക്ഷിയായ ബി.ജെ.പി., പ്രധാന എതിരാളിയായ സമാജ്‌വാദി പാര്‍ട്ടി, കോണ്‍ഗ്രസ്, ബി.എസ്.പി. തുടങ്ങി എല്ലാ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ളവരെ അതില്‍നിന്ന് സംരക്ഷിക്കാനുള്ള വിവിധ മാര്‍ഗങ്ങളും പാര്‍ട്ടികള്‍ മുന്നോട്ടു വെച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അലഹാബാദ് ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുശീല്‍ ചന്ദ്രയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പു കമ്മിഷന്‍ സംഘം ഉത്തര്‍ പ്രദേശില്‍ സന്ദര്‍ശനം നടത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ യു.പി. തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സന്ദര്‍ശനം.
ഉത്തര്‍ പ്രദേശ് സന്ദര്‍ശിച്ചതിന് ശേഷമാണ് സുശീല്‍ ചന്ദ്രയയുടെ പ്രതികരണം. എല്ലാ പാര്‍ട്ടികളും ഉയര്‍ത്തിയ ആശങ്കകള്‍ കേട്ടുവെന്നും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അവര്‍ ആവശ്യപ്പെട്ടതായും സുശീല്‍ ചന്ദ്ര പറഞ്ഞു. വോട്ട് രേഖപ്പെടുത്താനുള്ള സമയം ഒരു മണിക്കൂര്‍ കൂടി നീട്ടിനല്‍കുമെന്നും സാമൂഹിക അകലം ഉറപ്പാക്കുന്നതിന്റെ ഭാഗമായി 11,000 ബൂത്തുകള്‍ അധികം സജ്ജമാക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണര്‍ പറഞ്ഞു. വിശദമായ മാര്‍ഗരേഖ ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: UP Chief Election Commissioner has said that all political parties in the state have demanded to conduct Assembly elections on time
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..